യു.എസ് – ഇറാൻ സംഘർഷം അതീവ ഗുരുതരം.
ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം . ഇറാനുമേൽ യു.എസ് വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക മുൻകൈ എടുക്കുമെന്നും, ഇതിനായി ചരക്കുകളുടെ മൂല്യത്തിന്റെ 20% ഫീസ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ മുന്നറിയിപ്പ് വെടിവെയ്പ്പ്: ഹോർമുസ് കടലിടുക്കിലൂടെ നിയമവിരുദ്ധമായി കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ റവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് വെടിവെയ്പ്പ് നടത്തുകയും അവ തടയുകയും ചെയ്തു.
ആക്രമണ ഡ്രോണുകൾ ഉപയോഗിച്ച് യു.എസ് പ്രത്യാക്രമണം നടത്തി. ചരിത്രത്തിലാദ്യമായി യു.എസ് സെൻട്രൽ കമാൻഡ് വൺ-വേ അറ്റാക്ക് സീ ഡ്രോണുകൾ ഉപയോഗിച്ച് ഇറാന്റെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തിന് നേരെ ആക്രമണം നടത്തി. കൂടാതെ തെക്കുപടിഞ്ഞാറൻ ഇറാനിലെ എണ്ണ ഉൽപ്പാദന മേഖലയിലുണ്ടായ യു.എസ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
യൂറോപ്പിൽ സംയുക്ത മിസൈൽ പ്രതിരോധ സഖ്യം.
റഷ്യയിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ഭീഷണി ശക്തമായ സാഹചര്യത്തിൽ, യൂറോപ്പിനെ സംരക്ഷിക്കുന്നതിനായി ഉക്രെയ്ൻ ഉൾപ്പെടെ 10 രാജ്യങ്ങൾ ചേർന്നുള്ള പുതിയ വ്യോമ-മിസൈൽ പ്രതിരോധ സഖ്യം രൂപീകരിച്ചു. ഉക്രെയ്നെ കൂടാതെ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുകെ, സ്പെയിൻ, സ്വീഡൻ തുടങ്ങിയ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളാണ് ഈ സഖ്യത്തിലുള്ളത്.
റഷ്യൻ സൈബർ ആക്രമണത്തിനെതിരെ യൂറോപ്യൻ യൂണിയൻ,
യൂറോപ്യൻ രാജ്യങ്ങളുടെ സർക്കാർ നെറ്റ്‌വർക്കുകളിലും നിർണായക അടിസ്ഥാന സൗകര്യങ്ങളിലും റഷ്യൻ ഇന്റലിജൻസ് ഏജൻസിയായ എഫ്.എസ്.ബി നിരന്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നതായി യൂറോപ്യൻ യൂണിയൻ ആരോപിച്ചു. ഇതിന് മറുപടിയായി 9 റഷ്യൻ വ്യക്തികൾക്കും 4 സ്ഥാപനങ്ങൾക്കും എതിരെ ഇ.യു ഉപരോധം പ്രഖ്യാപിച്ചു.
ബാങ്കോക്കിൽ വൻ തീപിടിത്തം.
തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഒരു പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിക്കുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇൻഡ്യയിൽ റീട്ടെയിൽ പണപ്പെരുപ്പം കഴിഞ്ഞ 16 മാസത്തിനിടയിൽ ആദ്യമായി 4 ശതമാനത്തിന് മുകളിലെത്തി.
പച്ചക്കറികളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലവർധനവ് മൂലം ഭക്ഷ്യ പണപ്പെരുപ്പം 5.32% ആയി. ഉയർന്നതാണ് ഇതിന് പ്രധാന കാരണം.
എസ്. ജയശങ്കർ ഇന്ത്യയുടെ യു.എൻ ക്യാമ്പയിൻ പുറത്തിറക്കി.2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭ രക്ഷാസമിതി താത്കാലിക അംഗത്വത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രചാരണത്തിന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ തുടക്കം കുറിച്ചു. ‘ശാന്തി’ എന്ന ആശയത്തിലൂന്നിയാണ് ഇന്ത്യയുടെ ക്യാമ്പയിൻ.
മധ്യപ്രദേശിൽ വൻ സ്കോളർഷിപ്പ് തട്ടിപ്പ്; സി.ബി.ഐ അന്വേഷണം: അർഹരായ വിദ്യാർത്ഥികൾ അറിയാതെ കോളേജ് അധികൃതരും ബാങ്ക് ജീവനക്കാരും ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്കോളർഷിപ്പ് തുക തട്ടിയെടുത്തതായി സി.ബി.ഐ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി.
ഹോർമുസ് കടലിടുക്കിലെ ആക്രമണത്തെ അപലപിച്ച് ഇന്ത്യ: ഒമാൻ തീരത്തിനടുത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായ സംഭവത്തിൽ ഇന്ത്യ ശക്തമായ ആശങ്കയും അപലപനവും രേഖപ്പെടുത്തി.
വിയറ്റ്നാം ബോട്ട് ദുരന്തം; മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും: വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ്, ഭാര്യ ലൊവേനി എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് (ജൂലൈ 14) തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും.
റെയിൽവേയിൽ വൻ തുണിത്തരങ്ങളുടെ കവർച്ച: എ.സി കോച്ചുകളിൽ നിന്ന് ബെഡ്ഷീറ്റുകളും കമ്പിളികളും വൻതോതിൽ മോഷ്ടിക്കപ്പെടുന്നത് റെയിൽവേയ്ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതായി വിവരാവകാശ രേഖ പുറത്തുവന്നു.
ഭാരത് ടെക്സ് 2026 ന്യൂഡൽഹിയിൽ ആരംഭിക്കുന്നു: രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ മേളയായ ‘ഭാരത് ടെക്സ് 2026’-ന് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകും.
രാജ്യാന്തര ഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് തിളക്കം: അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡ് 2026-ൽ അഞ്ച് സ്വർണ്ണ മെഡലുകൾ നേടി ഇന്ത്യ മികച്ച നേട്ടം കൈവരിച്ചു. പ്രധാനമന്ത്രി ജേതാക്കളെ അഭിനന്ദിച്ചു.
ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ റദ്ദാക്കിയ ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി.
കാപ്പ നിയമപ്രകാരം തടവിലുള്ള അദ്ദേഹത്തിന്റെ ജനവിധി തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ചടങ്ങിൽ അംഗീകൃത മാധ്യമപ്രവർത്തകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ശബരിമല തന്ത്രിപദവി വിവാദത്തിൽ പ്രതികരണം: ശബരിമല തന്ത്രിപദം രാഷ്ട്രീയ വിഷയമല്ലെന്നും, ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതികരണങ്ങൾ വ്യക്തിപരമാണെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
എൻ.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.
ക്രൈം & തദ്ദേശ വാർത്തകൾ
പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട: പെരുമ്പാവൂരിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 9 കിലോ കഞ്ചാവ് പോലീസ് പിടികൂടി.
വധഭീഷണി മുഴക്കിയ ആൾ കസ്റ്റഡിയിൽ: പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ തന്റെ ആദ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യത്തിനായി ഇന്ന് (ജൂലൈ 14) കസാഖ്സ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് യാത്ര തിരിക്കും. എട്ട് മാസം നീളുന്ന ഗവേഷണ പര്യവേക്ഷണ മാണിത്.
കാസർകോട്ടെ
കൊടിയമ്മ സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം: സ്കൂൾ കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തി. രാത്രികാലങ്ങളിൽ ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കുറ്റിക്കോൽ അത്തിയടുക്കത്ത് ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്കേറ്റു.
അപകടത്തിൽ സമീപത്തെ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് ജ്വല്ലറി ഉടമയിൽ നിന്ന് ഒരു കോടിയിലധികം രൂപയുടെ സ്വർണം നൽകാമെന്ന് 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
ബംഗളൂരുവിൽ എയറോസ്പേസ് എൻജിനീയറിങ് വിദ്യാർത്ഥിയായ കാസർകോട് അരയി സ്വദേശി മുഹമ്മദ് റിസ്‌വാൻ കണ്ണൂരിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വാഹനാപകടത്തിൽ മരിച്ചു. മരണത്തിന് തൊട്ടുമുമ്പ് സുഹൃത്തുക്കൾക്കൊപ്പം എടുത്ത സെൽഫി ചിത്രം നാടിനെ ഒന്നടങ്കം നോവിക്കുകയാണ്.
ഫൈബർ തോണി നിർമ്മിച്ച് പത്താം ക്ലാസുകാരൻ: ബല്ല ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വിജയ് സ്വന്തമായി സുരക്ഷിത തോണി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു. ഫൈബർ ഷീറ്റും പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗിച്ച് നിർമ്മിച്ച ഈ തോണി പുഴയോരത്ത് വലിയ ജനശ്രദ്ധ ആകർഷിക്കുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ സാധാരണ രീതിയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു








