തൃശ്ശൂർ: ചില്ലിചിക്കനൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറവായതിനെ ചൊല്ലി സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് തൃശ്ശൂർ വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും , ചോദ്യം ചെയ്യാൻ എത്തിയവർക്കും സംഘർഷത്തിൽ പരിക്കേറ്റു. മിണാലൂരിലുള്ള സെലക്റ്റ് ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ആണ് പ്രശ്നമുണ്ടാക്കിയത്. ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞ് ബഹളം തുടങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ഉടമ പരിഹരിക്കാൻ ശ്രമിച്ചു. ഇതോടെ പ്രശ്നക്കാർ ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞ് ഏഴംഗ സംഘമായി തിരിച്ചെത്തി മർദ്ദിച്ചു എന്നാണ് ഹോട്ടലുടമയുടെ പരാതി. ക്രിക്കറ്റ് ബാറ്റ്, വടികൾ ഉൾപ്പെടെയുള്ളവയുമായെത്തി ഹോട്ടലിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ചട്ടുകവും തവികളും ഉപയോഗിച്ച് തങ്ങളെ മർദ്ദിച്ചുവെന്ന് ഭക്ഷണം കഴിക്കാൻ എത്തിയവരും വ്യക്തമാക്കി. സംഘർഷത്തിൽ ഹോട്ടൽ ഉടമയായ മുജീബ് (38) ൻ്റെ മൂന്ന് പല്ലുകൾ നഷ്ടമായി. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരത്തെത്തുടർന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു. എരുമപ്പെട്ടി സ്വദേശികളായ യുവാക്കളാണ് ആക്രമം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.








