ഹൈദരാബാദ്: തെലങ്കാനയിൽ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. രംഗാ റെഡ്ഡി സ്വദേശി രാജ് കുമാറാണ് (35) മരിച്ചത്. ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ പെൺകുട്ടിയെയും അവരുടെ മാതാവിനെയും മുത്തശ്ശിയെയും അവരുടെ വീട്ടിൽ കയറി കൊലപ്പെടുത്തിയിരുന്നു. ശേഷം രക്ഷപ്പെട്ട രാജ് കുമാറിനെ 60 മണിക്കൂറിനു ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ് കുമാറിന്റെ മൃതദേഹം തന്നെയാണെന്ന് പൊലീസ് കമ്മിഷണർ തരുൺ ജോഷി സ്ഥിരീകരിച്ചു. മൃതദേഹത്തിനു സമീപത്തുനിന്ന് കീടനാശിനിയുടെ കുപ്പി കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ഷാബാദിൽ ആണ് നടുക്കുന്ന കൂട്ടക്കൊല നടന്നത്. പോക്സോ കേസിൽ ജയിലിൽ ആയിരുന്ന രാജകുമാർ പത്തു ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങി നാട്ടിലെത്തിയത്. ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പരാതി നൽകിയ പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിനെയും മുത്തശ്ശിയേയും കൊലപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടന്നയുടനെ പ്രതി പിതാവിനെ വിളിച്ച് കുറ്റം സമ്മതിച്ചിരുന്നു. രണ്ട് കുടുംബങ്ങളെയും താൻ ഇല്ലാതാക്കിയെന്നും ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നുവെന്നും പറഞ്ഞു. ഇതിനുശേഷം രാജ് കുമാറിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീട് ഇയാൾ ഒളിവിൽ പോയി. ഒളിവിൽ പോയ രാജ്കുമാറിനെ പറ്റി വിവരം നൽകുന്നവർക്ക് പൊലീസ് 2 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഫ്യൂച്ചർ സിറ്റി പൊലീസാണ് ഒളിവിൽപോയ പ്രതിയ്ക്കായി ഇനാം പ്രഖ്യാപിച്ചത്. അതിനിടയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.








