കൊച്ചി: പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം. വീട്ടില്‍ മോഷണത്തിനെത്തിയ യുവാവാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നഗ്‌നനായാണ് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് യുവതി പറയുന്നു. പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. ജൂലൈ 10 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശാവര്‍ക്കറായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് വീടിനുളളില്‍ കയറിയപ്പോള്‍ വീടിനകത്തെ സാമഗ്രിയെല്ലാം വാരിവലിച്ചിട്ട നിലിയിലായിരുന്നു. മറ്റൊരു മുറിയിലെത്തി നോക്കിയപ്പോള്‍
നഗ്‌നനായ ഒരാള്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നത് യുവതി കണ്ടു. യുവതിയെ കണ്ട മോഷ്ടാവ് രക്ഷപ്പെടാന്‍ ആക്രമണം തുടങ്ങി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വീടിന് പുറത്ത് തടിച്ചുകൂടിയതോടെ പ്രതി മറ്റൊരു വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസിന് തിരിച്ചറിഞ്ഞത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. ലൈംഗിക അതിക്രമ ശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.








