കാസര്‍കോട്: ബണ്ട്വാള്‍, പറങ്കിപ്പേട്ട കാനറ ബാങ്ക് ശാഖയില്‍ കൊള്ളയ്ക്കു ശ്രമം. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തുരന്നാണ് കവര്‍ച്ചാശ്രമം അരങ്ങേറിയത്. എന്നാല്‍ ബാങ്കില്‍ നിന്നു ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന.ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രിയിലായിരിക്കും കൊള്ളക്കാര്‍ അകത്ത് കടന്നതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് ദക്ഷിണകന്നഡ പൊലീസ് സൂപ്രണ്ട് ഡോ. അരുണ്‍കുമാര്‍, ബണ്ട്വാള്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനന്ത പത്മനാഭ, എസ്‌ഐ മഞ്ജുനാഥ് തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പറങ്കിപ്പേട്ടയില്‍ നടന്നത് 2015 സെപ്തംബര്‍ 28ന് ചെറുവത്തൂര്‍ വിജയബാങ്ക് ശാഖ കൊള്ളയടിച്ചതിനു സമാനമായ സംഭവമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കടമുറി വാടകക്കെടുത്ത് ബാങ്കിന്റെ സ്‌ട്രോംഗ് റൂമിലേക്ക് തുരങ്കമുണ്ടാക്കി അകത്ത് കടന്ന് 19.5 കിലോ സ്വര്‍ണ്ണവും 2.95 ലക്ഷം രൂപയും കൊള്ളയടിക്കുകയായിരുന്നുവെന്നാണ് അന്ന് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. കുടകില്‍ താമസക്കാരനായിരുന്ന സുലൈമാന്‍, കാഞ്ഞങ്ങാട്ടെ അബ്ദുല്‍ ലത്തീഫ്, ആവിക്കരയിലെ മുബഷീര്‍, കാസര്‍കോട്ടെ മനാഫ്, ഇടുക്കി സ്വദേശികളായ രാജേഷ്, മുരളി, കുടക് സ്വദേശി അഷ്‌റഫ് എന്നിവരാണ് വിജയബാങ്ക് കൊള്ളക്കേസില്‍ അന്നു പ്രതികളായത്.







