ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ട യുവാവിനെ ബംഗ്‌ളൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ, എടത്വ, കൊടുപ്പുന്ന പുത്തന്‍ വീട്ടില്‍ പി എസ് സനുക്കുട്ടന്‍ (30) ആണ് ജീവനൊടുക്കിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര, ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ (27)യെ രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞാണ് സനുക്കുട്ടൻ ദോഹയിലെ ജോലി സ്ഥലത്തു നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ബംഗ്‌ളൂരുവില്‍ ഇറങ്ങി അവിടെ നിന്നു കണക്ഷന്‍ ഫ്‌ളൈറ്റില്‍ നെടുമ്പാശ്ശേരിയില്‍ എത്തുമെന്നായിരുന്നു വീട്ടില്‍ അറിയിച്ചിരുന്നത്. എന്നാല്‍ എത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. വിമാനതാവള അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ബംഗ്‌ളൂരുവില്‍ വിമാനം ഇറങ്ങിയതായി വ്യക്തമായി. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ബംഗ്‌ളൂരുവിലെത്തി മലയാളി അസോസിയേനെയും പൊലീസിലും വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനുക്കുട്ടന്‍ ലോഡ്ജില്‍ തൂങ്ങി മരിച്ചതായുള്ള വിവരം ലഭിച്ചത്.
നാലു മാസം മുമ്പായിരുന്നു ഹരീഷ്മയുടെയും സനുക്കുട്ടനും തമ്മിലുള്ള വിവാഹം നടന്നത്. മൂന്നു മാസം ഗര്‍ഭിണിയായിരുന്നു ഹരീഷ്മ. ഒരു മാസം മുമ്പാണ് സനുക്കുട്ടന്‍ ദോഹയിലേയ്ക്ക് പോയത്.








