പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരന്‍, ശിക്ഷാവിധി ബുധനാഴ്ച

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകര(55)നെയും മാതാവ് ലക്ഷ്മി(75)യെയും കൊലപ്പെടുത്തിയ കേസിലാണ് വിധി. ശിക്ഷ ബുധനാഴ്ച വിധിക്കും.
2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും മാതാവ് ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം നടത്തിയത്. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയായിരുന്നു. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.
ജാമ്യത്തിലിറങ്ങിയ പ്രതി വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയതായി പൊലീസിനെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് പിടികൂടാന്‍ തയ്യാറായിരുന്നില്ല. ചെന്താമര കയ്യിലുണ്ടായിരുന്ന വാള്‍ ഉപയോഗിച്ച് സുധാകരന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. സുധാകരനെ വെട്ടിക്കൊലപ്പെടുത്തുന്നത് കണ്ടാണ് മാതാവ് ലക്ഷ്മി അവിടേക്ക് ഓടിയെത്തുന്നത്. തുടര്‍ന്ന് വയോധികയെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 6ന് നേരത്തെ വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. അതേസമയം, സജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page