ബാങ്കോക്ക്: തായ്‍ലൻഡിലെ വടക്കൻ ബാങ്കോക്കിൽ പബ്ബിൽ വൻ തീപിടിത്തം. 27 പേർ വെന്തുമരിച്ചു. 63 പേർക്ക് പരിക്കേറ്റു. ഇവരിൽ 22 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായ തായ്‌ലൻഡിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.
ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടം. ബാങ്കോക്കിലെ ചാതുചാക് ജില്ലയിലുള്ള ‘നാ ലാഡ്പ്രാവോ’ പബ്ബിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് പബ്ബിനുള്ളിൽ കനത്ത പുക നിറഞ്ഞതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. തീപടർന്നതോടെ ആളുകൾ രക്ഷപ്പെടാനായി പബ്ബിൻ്റെ പിൻഭാഗത്തുള്ള ശുചിമുറികളിലേക്ക് ഓടി, എന്നാൽ അവിടെ എമർജൻസി എക്സിറ്റുകൾ ഇല്ലാതിരുന്നത് ദുരന്തത്തിൻ്റെ ആക്കം കൂട്ടി.
നിരവധി പേരുടെ മൃതദേഹങ്ങൾ ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയത്. തായ്‍ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ അപകട സ്ഥലം സന്ദർശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ലൈസൻസ് ഉള്ള പബ്ബിലാണ് അപകടം നടന്നത്. തീ അതിവേഗം പടർന്നതാണ് ആളുകൾക്ക് രക്ഷപ്പെടാൻ തടസ്സമായത്. അഗ്നിശമന സേനാംഗങ്ങൾ അരമണിക്കൂറോളം പ്രയത്നിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
2022ലും ബാങ്കോക്കിലെ പബ്ബിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് 14 പേരാണ് കൊല്ലപ്പെട്ടത്.








