കാസര്‍കോട്: പൈവളിഗെ കയ്യാറിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ സ്വര്‍ണം വീടിന് സമീപത്തു നിന്നും കണ്ടെടുത്തു. ഹോട്ടല്‍ വ്യാപാരിയായ യൂസഫിന്റെ വീട്ടില്‍ ഞായാറാഴ്ചയാണ് കവര്‍ച്ച നടന്നത്. വ്യാപാരിയുടെ ഭാര്യയും മൂന്നുമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബം രാത്രി കയ്യാര്‍ പള്ളിയില്‍ സ്വലാത്തിന് പോയിരുന്നു. എട്ടരയോടെ തിരിച്ചുവന്നപ്പോള്‍ ടെറസിലെ വാതില്‍ തുറന്നതായി ശ്രദ്ധയില്‍പെട്ടു. കിടപ്പുമുറിയിലെ അലമാര തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി മനസിലായി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ 5 പവന്‍ സ്വര്‍ണം വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് രാത്രി കണ്ടെത്തി. കുമ്പള പൊലീസിന്റെ അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ നഷ്ടപ്പെട്ട 5 പവന്‍ സ്വര്‍ണം വീട്ടുപരിസരത്തു നിന്നും കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുമ്പള ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ്.ഐ ഗണേശന്‍ എന്നിവരും ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.







