ഭോപ്പാല്‍: മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിച്ചതായി പരാതി. റെയ്സന്‍ ജില്ലയില്‍ കര്‍മോദിയ ഗ്രാമത്തിലെ ഫാം ഹൗസിലായിരുന്നു മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഫാം ഹൗസില്‍ നിന്ന് മോട്ടോര്‍ പമ്പുകള്‍ മോഷണം പോയിരുന്നു. ഇതിന് പിന്നില്‍ ഇവരാണെന്ന് സംശയിച്ച് പ്രദേശവാസികള്‍ യുവാക്കളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഫാമിലെ പോസ്റ്റില്‍ കെട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കുറ്റം ഏറ്റെടുക്കാനും കൂട്ടുപ്രതികളെ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പിന്നീട് വന്യമൃഗങ്ങളെ അകറ്റാന്‍ ഫാമില്‍ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയില്‍ നിന്ന് ഇവര്‍ യുവാക്കളെ ഷോക്കേല്‍പ്പിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ രണ്ടുപേരെ റെയ്സന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവാക്കളില്‍ നിന്ന് മോഷ്ടിച്ച ഏഴ് മോട്ടോര്‍ പമ്പ് സെറ്റുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. യുവാക്കള്‍ക്കെതിരെ പൊലീസ് മോഷണക്കുറ്റത്തിന് കേസെടുത്തു. നിയമം കൈയ്യിലെടുത്ത് പ്രതികള്‍ക്കെതിരെ അതിക്രമം കാട്ടിയ നാട്ടുകാരുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.








