കൊല്ലം: ഇത്തവണ പപ്പടത്തിന് വേണ്ടിയല്ല, ഐസ്‌ക്രീമിനെ ചൊല്ലിയുള്ള തര്‍ക്കം വിവാഹ റിസപ്ഷനില്‍ കൂട്ടയടിയില്‍ കലാശിച്ചു. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിലാണ് കൂട്ടത്തല്ല് അരങ്ങേറിയത്. രാത്രി എട്ടരയോടെ ആദ്യം ഐസക്രീം കഴിച്ച ബന്ധുക്കളില്‍ ഒരാള്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ വിതരണക്കാരന്‍ നല്‍കാന്‍ തയ്യാറായായില്ല. ഇതിനെ ചൊല്ലി ബന്ധുക്കളും കാറ്ററിങ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിലായി. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടത്തല്ലിലുമെത്തി. റോഡിലും തല്ലു നടന്നു. സല്‍ക്കാരത്തിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ ഇത് കണ്ട് പ്രാണരക്ഷാര്‍ഥം ചിതറിയോടി. അതിനിടെ അക്രമം കണ്ട് കുഴഞ്ഞു വീണ വധുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി അത്ര പന്തിയല്ലെന്ന് മനസിലാക്കിയ വീട്ടുകാര്‍ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ഏതാനും പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇരു പക്ഷവും പരാതിയില്ലെന്ന് അറിയിച്ചതോടെ എല്ലാവരെയും വിട്ടയച്ചു.








