കുപ്പിവെള്ളത്തിന് പകരം കൊടുത്തത് ആസിഡ്; കടയില്‍ നിന്ന് വാങ്ങിയ വെള്ളം കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: കടയില്‍ നിന്ന് വാങ്ങിയ വെള്ളം ആസിഡാണെന്നറിയാതെ കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍. കുപ്പിവെള്ളത്തിന് പകരം ആസിഡ് നല്‍കിയ കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് ഹാപൂരിലെ കടയില്‍ നിന്ന് അധ്യാപികയായ യുവതി കുപ്പിവെള്ളം വാങ്ങിയത്. സീല്‍ ചെയ്ത കുപ്പിവെള്ളത്തിന് അകത്ത് സാധാരണ വെള്ളത്തിന് പകരം ആസിഡ് ആയിരുന്നു ഉണ്ടായിരുന്നെന്നാണ് വിവരം. വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ നഗരത്തിലെ ജ്വല്ലറിയില്‍ എത്തിയതായിരുന്നു യുവതിയും മാതാവും. ദാഹം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ ജ്വല്ലറിയിലെ ജീവനക്കാരോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. ജ്വല്ലറിയില്‍ വെള്ളം ഇല്ലാതിരുന്നതിനാല്‍, തൊട്ടടുത്തുള്ള കടയില്‍ നിന്ന് സീല്‍ ചെയ്ത കുപ്പിവെള്ളം വാങ്ങി നല്‍കി. വെള്ളം കുടിച്ചതോടെ നാവും തൊണ്ടയും ആമാശയവും പൊള്ളിയ യുവതി രക്തം ഛര്‍ദ്ദിച്ചു. നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മീററ്റിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഹാപൂര്‍ പൊലീസ് കേസെടുക്കുകയും വെള്ളം നല്‍കിയ കടയുടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page