മൈസൂരു: തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ മൈസൂരില്‍ നടക്കും. അവരുടെ അസാധാരണ സംഗീത സംഭാവനകളെ മാനിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ ഈ ബഹുമതി നല്‍കാന്‍ തീരുമാനിച്ചത്. വൈകുന്നേരം കനിയനഹുണ്ട ഫാം ഹൗസിലാണ് സംസ്‌കാരം. മൈസൂരുവില്‍ അടക്കണമെന്നത് ജാനകിയമ്മയുടെ ആഗ്രഹമായിരുന്നു. രാവിലെ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനം ആരംഭിച്ചു. നിരവധി ആളുകളാണ് പ്രിയ ഗായികയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തുന്നത്. കലാ- സാഹിത്യ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ വിഖ്യാത ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
ശനിയാഴ്ച രാത്രി ഏഴരയോടെ അപ്പോളോ ബിജിഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ എസ് ജാനകി അന്തരിച്ചത്. ജനുവരിയില്‍ ഏകമകന്‍ മുരളീകൃഷ്ണയുടെ മരണശേഷം ചെറുമകള്‍ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു എസ് ജാനകി താമസിച്ചിരുന്നത്. ഇരുപതോളം ഭാഷകളിലായി അന്‍പതിനായിരത്തിനടുത്ത് ഗാനങ്ങള്‍ ജാനകിയമ്മ പാടിയിട്ടുണ്ട്.








