പ്രവീൺ നെട്ടാരു വധം: പ്രധാന പ്രതിയെ എൻ ഐ എ കൊച്ചിയിൽ നിന്ന് പിടികൂടി

കൊച്ചി: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ മുഖ്യപ്രതി കുടക് സ്വദേശി അബ്‌ദുൾ നാസറിനെ എൻഐഎ കൊച്ചിയിൽ നിന്ന് പിടികൂടി. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ബംഗളൂരിലെയും കൊച്ചിയിലേയും എൻഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞു വരുന്ന ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ ശേഷം അബ്ദുൾ നാസർ കൊച്ചിയിൽ ഒളിവിൽ കഴിയുകയുമായിരുന്നു. കേസിൽ 19 പേർ അറസ്റ്റിലായിരുന്നു. പോപ്പുലർ ഫ്രണ്ടിന് കേസിൽ പങ്കുണ്ടെന്ന് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു സമുദായത്തില്‍പ്പെട്ടവരില്‍ ഭയം സൃഷ്ടിക്കാനും സമൂഹത്തില്‍ വര്‍ഗീയവിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനുമുള്ള പി.എഫ്.ഐ.യുടെ അജന്‍ഡയുടെ ഭാഗമായാണ് നെട്ടാരുവിനെ കൊലപ്പെടുത്തിയതെന്നാണ് എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നത്. 2022 ജുലൈ 26നാണ് കൊലപാതകം നടന്നത്.
യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗം പ്രവീൺ നെട്ടാരുവി(26)നെ സുള്ള്യക്കടുത്ത ബെല്ലാരെയിൽ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page