മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ പുതിയ ഖാസിയായി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ ശിഹാബുദ്ദീന്‍ തങ്ങളെ നിയമിച്ചു. ത്വാഖ അഹമ്മദ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തത്. മംഗലാപുരം സീനത്ത് ബക്ഷ് സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെയും ഈദ്ഗാഹ് മസ്ജിദിന്റെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ് യെനെപോയ അബ്ദുല്ല കുഞ്ഞിയാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതനായ പാണക്കാട് സയ്യിദ് നാസര്‍ അബ്ദുള്‍ ഹയ്യ ശിഹാബുദ്ദീന്‍ തങ്ങള്‍ അടുത്തിടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ച സീനത്ത് ബക്ഷ് സെന്‍ട്രല്‍ ജുമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ പള്ളികളില്‍ നിന്നുള്ള പ്രതിനിധികളുടെയും നേതാക്കളുടെയും യോഗത്തിലാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്.
സെന്‍ട്രല്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് കെ അഷ്‌റഫ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഹാജി, ട്രഷറര്‍ എസ് എം റഷീദ് ഹാജി, കമ്മിറ്റി അംഗങ്ങളായ സമദ് ഹാജി, അദ്ദു ഹാജി, അഷ്റഫ് ഹലേമനെ, ദക്ഷിണ കന്നഡ ജില്ലാ മദ്രസ മാനേജ്മെന്റ് പ്രസിഡന്റ് മൊയ്ദിനബ്ബ ഹാജി, നേതാവ് യെനെപോയ ജാവേദ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
1966 മെയ് 2 ന് കേരളത്തിലെ മലപ്പുറം ജില്ലയിലെ പാണക്കാടിനടുത്തുള്ള പൂവാട് എന്ന സ്ഥലത്താണ് തങ്ങള്‍ ജനിച്ചത്. മതപഠനത്തിന് ശേഷം നിരവധി പള്ളികളിലും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഖത്തീബും മുദരിസുമായി സേവനം ചെയ്തിരുന്നു. പിതാവിന്റെ മരണശേഷം, ആന്‍ഡമാന്‍ ദ്വീപുകളുടെ ഖാസിയായി അദ്ദേഹം ചുമതലയേറ്റു. 2009 ല്‍, കോഴിക്കോടിന്റെ ഗ്രാന്‍ഡ് ഖാസിയായി നിയമിച്ചു. നിലവില്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 300 ലധികം മഹല്ലുകളുടെ ഖാസിയാണ്. സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ മസ്ലഹത്ത് കമ്മിറ്റി പ്രസിഡണ്ടാണ്.








