വടകര: മയക്കുമരുന്ന് വില്‍പന കേസില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് മരുതോങ്കര സ്വദേശി കെ സി കീര്‍ത്തനയാണ് പിടിയിലായത്. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡിന്റെയും വടകര പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് വില്‍പന സംഘത്തിന്റെ സാമ്പത്തിക ഇടപാട് നടത്തിയിരുന്നത് കീര്‍ത്തനയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം എംഡിഎംഎയുമായി വടകര ആവിക്കല്‍ ബീച്ച് സ്വദേശി സഫ്വാനെ വടകര പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറുന്നതായ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് സഫ്വാന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കീര്‍ത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മയക്കുമരുന്ന് ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. മറ്റൊരു വ്യക്തി ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് കൈമാറും. ലക്ഷക്കണക്കിന് രൂപ ഇത് വഴി ഇവരുടെ അക്കൗണ്ടിലേക്ക് വന്നതായി പൊലീസ് പറയുന്നു. നിരവധി ഉപഭോക്താക്കള്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. യുവതിയെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ കീര്‍ത്തനയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി.








