കണ്ണൂർ: കൂടാളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് വെള്ളിയാഴ്ച അർദ്ധരാത്രി അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെത്തിച്ചത്. അപകടത്തിൽ കണ്ണൂർ അലവിൽ സ്വദേശി ഷാൻ സിറാജ്, കാഞ്ഞങ്ങാട് സ്വദേശി റിസ് വാൻ, ഹൈദരാബാദ് സ്വദേശി ഹർഷ്, ഉത്തർപ്രദേശ് സ്വദേശി പരം ഛേത്രി എന്നിവർ മരിച്ചിരുന്നു.








