കാസര്‍കോട്: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കെതിരെയും ഉദിനൂരിലെ ദമ്പതികള്‍ക്കെതിരെയും കേസ്. തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശിനി സീതാലക്ഷ്മിയുടെ പരാതിയില്‍ ഉദിനൂരിലെ ലയ ഭാസ്‌കരന്‍, ഭര്‍ത്താവ് സുജിത്ത് പൊതുവാള്‍, ജിബിജി സ്ഥാപനത്തിന്റെ എംഡി ഡി വിനോദ്കുമാര്‍, നെല്ലിത്തടുക്ക സ്വദേശി മുഹമ്മദ് റസാഖ് എന്നിവര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. കൂടുതല്‍ ലാഭ വിഹിതം തരാമെന്ന് വിശ്വസിപ്പാച്ചാണ് സംഘം തട്ടിപ്പു നടത്തിയത്. 2022 ല്‍ പരാതിക്കാരിയില്‍ നിന്ന് 6,01,623 രൂപ നിക്ഷേപമായി വാങ്ങിയിരുന്നു. പിന്നീട് അടുത്ത മാസം 5 ലക്ഷം രൂപയും നിക്ഷേപമായി കമ്പനിക്ക് നല്‍കിയിരുന്നു. നിക്ഷേപിച്ച തുകയില്‍ 4,49,100 രൂപ പലതവണയായി തിരിച്ചു നല്‍കി. ബാക്കി തുകയോ ലാഭമോ നാളിതുവരെ തിരിച്ചുതരാതെ പ്രതികള്‍ മനപ്പൂര്‍വം ചതിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







