സിഡ്‌നി: ഓസ്‌ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച മെൽബണലിലെ ഹോട്ടലിൽ കടന്നുകയറി തീവ്ര വലതുപക്ഷ-കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം. സോഷ്യൽമീഡിയ താരമായ ഹ്യൂഗോ ലെന്നൻ (22) ആണ് ഹോട്ടലിൽ അതിക്രമിച്ച് കയറിയത്. ദ്വിദിനസന്ദർശനത്തിനായി ഓസ്‌ട്രേലിയയിൽ എത്തിയ മോദി മെൽബണിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. പ്രധാനമന്ത്രി ലോബിയിൽ നിൽക്കുമ്പോൾ പ്രതി മുകളിലെ നിലയിലെ ബാൽക്കണിയിൽ നിന്ന് മോദിയെ നോക്കി അസഭ്യം പറയുകയായിരുന്നു. ഇത് ഓസ്‌ട്രേലിയയാണ്, ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാര്‍ക്കുള്ളതാണ്”- എന്നാണ് ഹ്യൂഗോ ലെനോൺ വിളിച്ചു പറഞ്ഞത്. ബഹളം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ ഹ്യൂഗോ ലെനോണെ അവിടെ നിന്നും ബലം പ്രയോഗിച്ച് മാറ്റിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് പ്രധാനമന്ത്രിയുടെ താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ എങ്ങനെ അറിഞ്ഞു എന്നതിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച മെൽബണിലെ മാർവൽ സ്‌റ്റേഡിയത്തിൽ മോദിയുടെ പ്രസംഗത്തിനിടയിൽ അവിടെയുമെത്തി പ്രശ്‌നമുണ്ടാക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. അത് വിജയിച്ചില്ല.








