ദേശീയപാത നിർമ്മാണം; നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ കർമ്മസമിതി നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു

കാസർകോട്: ദേശീയപാത നിർമ്മാണത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ കർമ്മസമിതി നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. കർമ്മ സമിതി ഭാരവാഹികൾ, എം.പി രാജ്മോഹൻ ഉണ്ണിത്താൻ, മുൻ എം.പി പി.കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തല ത്തിലാണ് സമരം പിൻവലിക്കുന്നത്. എലിവേറ്റഡ് ബ്രിഡ്ജ് നിർമ്മിക്കുവാൻ സാങ്കേതികമായി കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മന്ത്രി വ്യക്തമാക്കി. എന്നാൽ തീരദേശ ജനതയുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി കോട്ടപ്പുറം റോഡിൽ 15 മീറ്റർ വീതിയുള്ള അടിപ്പാത അനുവദിക്കുകയും രാജാ റോഡിൽ നിലവിലുള്ള 7 മീറ്റർ അടിപ്പാത 15 മീറ്ററായി ഉയർത്തുന്നതിന്റെ സാധ്യത പരിശോധിച്ച് അനുവദിക്കാമെന്നും ചർച്ചയിൽ തീരുമാനമായി. അതോടൊപ്പം സമരസമിതി ഉന്നയിച്ച മറ്റ് ആവശ്യങ്ങളും ചർച്ചയിൽ അംഗീകരിച്ചു. നീലേശ്വരത്തെ പഴയ പാലം പൊളിച്ചു പുതിയ പാലം നിർമ്മിക്കുവാൻ തീരുമാനമായി. കർമ്മ സമിതി ഉയർത്തിയ ആവശ്യങ്ങളിൽ ഏറെകുറെ പരിഹാരമായ സാഹചര്യത്തിൽ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി യുടെ അഭ്യർത്ഥനയെ മാനിച്ചു കൊണ്ടാണ് സമരം അവസാനിപ്പിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചത്. വാർത്താ സമ്മേളനത്തിൽ കർമ്മ സമിതി ചെയർമാൻ പിപി മുഹമ്മദ് റാഫി, കൺവീനർ ഇ.ഷജീർ രക്ഷാധികാരികളായ പി.കരുണാകരൻ മാമുനിവിജയൻ, നഗരസഭ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ ഭാരവാഹികളായ അഡ്വ. പി. കെ നസീർ.സാഗർ ചാത്തമത്ത്,പി.വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.ജെ ജോയ്, വിവി കുഞ്ഞികൃഷ്ണൻ, കെ.സതീശൻ, പിയു രാമകൃഷ്ണൻ ഉദയൻ പാലായി എന്നിവർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page