ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെ വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നു. അടുത്തയാഴ്ച തന്നെ നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് മാവേലിക്കര പൊലീസിന്റെ നടപടി.
സ്ത്രീത്വത്തെ അപമാനിക്കല്‍, മാനനഷ്ടം, സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം. മാവേലിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തഴക്കര സ്വദേശിയാണ് പരാതിക്കാരന്‍. ഇദ്ദേഹം മുംബൈയിലാണ് താമസം. വിനായകനെതിരെയുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പരാതിക്കാരന്‍ അദ്ദേഹത്തിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതില്‍ പ്രകോപിതനായ നടന്‍ പരാതിക്കാരന്റെ വാട്‌സാപ്പ് പ്രൊഫൈലില്‍ ഇട്ടിരുന്ന എട്ടു വയസുള്ള മകളുടെ ഫോട്ടോയും ഒപ്പം പരാതിക്കാരന്റെ ഫോണ്‍ നമ്പറും അശ്ലീലച്ചുവയോടെ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത്. ആളുകളെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ വിനായകന്‍ മുമ്പും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.








