മെദക്: തെലങ്കാനയില്‍ ജാതിമാറി വിവാഹിതരായതിന് പിന്നാലെ നവവധുവിനെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി. വരന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തെലങ്കാനയിലെ പാപന്നപേട്ട് ഗ്രാമത്തിലാണ് വിവാദസംഭവം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
എല്ലാപൂര്‍ ഗ്രാമവാസിയായ പ്രണയും, കൗഡിപ്പള്ളി മണ്ഡലിലെ സലാബത്പൂര്‍ ഗ്രാമത്തിലെ യുവതിയും തമ്മില്‍ ജൂലൈ 6-നായിരുന്നു വിവാഹം. മറ്റു ജാതിയില്‍പ്പെട്ടവരായതിനാല്‍ വധുവിന്റെ കുടുംബം ഈ വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ല. ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ പൊലീസിനെ സമീപിച്ചിരുന്നു. ഇരുവിഭാഗം കുടുംബാംഗങ്ങളെയും വിളിച്ചുവരുത്തി പൊലീസ് കൗണ്‍സിലിംഗ് നല്‍കിയിരുന്നു. ശേഷം ദമ്പതികളോട് ഒന്നിച്ച് ജീവിക്കാന്‍ നിര്‍ദേശിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം നാല് കാറുകളിലായി വധുവിന്റെ ബന്ധുക്കള്‍ എല്ലാപൂരിലെ വീട്ടിലെത്തി. എത്തിയ 15 പേരടങ്ങുന്ന സംഘം വരന്റെ വീട്ടുകാരുമായി തര്‍ക്കത്തിലായി. പിന്നീട് വരന്റെ മാതാവ് ശ്യാമളയെ തള്ളിമാറ്റുകയും അവിടെയുണ്ടായിരുന്ന ആള്‍ക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സംഘം യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം, പൊലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ കൃത്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രണയന്റെ കുടുംബം പറയുന്നു. തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് കൊണ്ടുപോയതെന്ന് തെളിഞ്ഞാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.








