റായ്പുര്‍: പെണ്‍സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ച 19കാരനെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഢിലെ ഭിലായിലെ കലാകാരനും ഡ്രമ്മറുമായ 19-കാരനാണ് മരിച്ചത്. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവം കൊലപാതകമാണെന്നും കാമുകിയ്ക്ക് എല്ലാമറിയാമെന്നും വിശദമായ അന്വേഷണം വേണമെന്നും യുവാവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
സ്വകാര്യ പരിപാടികളില്‍ ഡ്രംസ് വായിച്ച് ഉപജീവനം നടത്തിയിരുന്ന യുവാവ് കഴിഞ്ഞ ആറ് മാസമായി യുവതിയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ മുമ്പ് പലതവണ ഒരുമിച്ച് ഹോട്ടലുകളില്‍ മുറിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ പെണ്‍സുഹൃത്തിനൊപ്പം യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടിലില്‍ വെച്ച് ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ യുവാവിന് ഫോണില്‍ വന്ന ഒരു കോളിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. കലഹത്തിനിടെ യുവതി ബ്ലേഡ് കൊണ്ട് കൈയില്‍ സ്വയം മുറിവേല്‍പ്പിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യലഹരിയിലായിരുന്ന തനിക്ക് പിന്നീട് ബോധം നഷ്ടമായെന്നും ബുധനാഴ്ച രാവിലെ ബോധം വീണ്ടെടുത്തപ്പോഴാണ് ഫാനില്‍ തൂങ്ങിയനിലയില്‍ യുവാവിനെ കണ്ടതെന്നുമാണ് യുവതിയുടെ മൊഴി. ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും യുവാവ് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും സഹോദരന്‍ പറഞ്ഞു. നേരത്തെയും പലതവണ ഈ യുവതി യുവാവിനെ ആക്രമിച്ചിട്ടുണ്ട്. മരണശേഷം മണിക്കൂറുകളോളം അവര്‍ എന്തിനാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതെന്ന് അവര്‍ ചോദിച്ചു. സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് വിജയ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. യുവാവ് തൂങ്ങിമരിച്ചതാണെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. ‘എന്നിരുന്നാലും, അന്വേഷണമോ ഫോറന്‍സിക് തെളിവുകളോ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുകയാണെങ്കില്‍, യുവതിക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കും’- എസ്പി പറഞ്ഞു.








