അനസ്തേഷ്യ നൽകിയതിൽ വീഴ്ച; പയ്യന്നൂരിൽ ഒന്നര വയസുകാരൻ ഗുരുതരാവസ്ഥയിൽ, കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

പയ്യന്നൂർ: ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. അനസ്‌തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് രണ്ട് വയസുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അനസ്‌തേഷ്യ നല്‍കുന്നതിനിടെ കുഞ്ഞ് ബോധരഹിതനായിരുന്നു.
അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. രണ്ടുദിവസം മുമ്പ് കണ്ണൂർ എരമം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണ് പരിക്കേരുന്നു. ചുണ്ടിലും മുഖത്തുമായിരുന്നു പരിക്ക്. ഉടൻ തന്നെ മാതമംഗലം ജനകീയ ആശുപത്രിയിൽ കൊണ്ടുപോകുകയും രണ്ട് സ്റ്റിച്ചിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. രാവിലെ 11 മണിയോടെയാണ് ആശുപത്രിയിൽ എത്തിയത്. ചികിത്സയ്ക്കിടെ കുട്ടി വേദനകൊണ്ട് കരഞ്ഞു. ഇതോടെയാണ് അനസ്‌തേഷ്യ നല്‍കാന്‍ തീരുമാനിച്ചത്. അനസ്‌തേഷ്യ നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതനായി. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെയാണ് ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയത്. കുഞ്ഞിന് വലിയ അളവില്‍ അനസ്‌തേഷ്യ നല്‍കിയതായാണ് കുടുംബം ആരോപിക്കുന്നത്.
ചികിത്സാ പിഴവെന്ന കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രിയിൽ യുവജന സംഘടനകൾ പ്രതിഷേധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page