കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാലില്‍ യുവാവിനെ തടഞ്ഞ് നിര്‍ത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സാരമായി പൊള്ളലേറ്റ യുവാവിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടക, ഹുബ്ലി സ്വദേശിയും വര്‍ഷങ്ങളായി മൊഗ്രാല്‍, കൊപ്പളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുല്‍ ഗഫൂര്‍ (45)ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
ഇന്ന് (വെള്ളി) പുലര്‍ച്ചെ അഞ്ചര മണിയോടെ മൊഗ്രാല്‍ റെയില്‍വെ അടിപ്പാതയിലാണ് സംഭവം. തേപ്പുമേസ്തിരിയായ അബ്ദുല്‍ ഗഫൂര്‍ പതിവുപോലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങി ദേശീയ പാതയിലേക്ക് നടന്നു പോവുകയായിരുന്നു. റെയില്‍വെ അടിപ്പാതക്ക് അടിയില്‍ എത്തിയപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ പതിയിരുന്ന നാലംഗ സംഘം ചാടി വീണ് തടഞ്ഞ് നിര്‍ത്തി. ഇതിനിടയില്‍ ഒരാള്‍ അബ്ദുല്‍ ഗഫൂറിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും മറ്റൊരാള്‍ തീ കൊളുത്തുകയുമായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ അബ്ദുല്‍ ഗഫൂറിനെ ഉപേക്ഷിച്ച് അക്രമി സംഘം ഓടി രക്ഷപ്പെട്ടു. യുവാവിന്റെ നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ തീ അണച്ച ശേഷം ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. അബ്ദുല്‍ ഗഫൂര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ശരവണന്‍, ലിംഗം, മേരി, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് അക്രമം നടത്തിയതെന്നു അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
തേപ്പ് മേസ്ത്രിയാണ് അബ്ദുല്‍ ഗഫൂര്‍. സീതാംഗോളിയിലെ ഒരു കെട്ടിടത്തിന്റെ തേപ്പു ജോലി ചെയ്ത വകയില്‍ അക്രമി സംഘത്തിന് 3,000 രൂപ കൊടുക്കാനുണ്ടെന്നു പറയുന്നു. പണി ഏല്‍പ്പിച്ച എഞ്ചിനീയര്‍ 18,000 രൂപ നല്‍കാനുണ്ട്. ഇത് കിട്ടിയാല്‍ കൊടുക്കാമെന്നു തൊഴിലാളികളെ അറിയിച്ചിരുന്നതായും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ഇന്നലെ (വ്യാഴം) പൊലീസുകാരനാണെന്നു പറഞ്ഞ് ഒരാള്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അക്രമത്തിനു ഇരയായ അബ്ദുള്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.
അക്രമി സംഘത്തിനായി കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. തളങ്കര, മാലിദിനാര്‍ പള്ളിക്കു സമീപത്തെ ക്വാര്‍ട്ടേഴ്സിലാണ് മേരിയും മറ്റുള്ളവരും താമസം.







