കാസര്‍കോട്: ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞു ജ്വല്ലറി ഉടമയില്‍ നിന്നു 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളയിലെ എസ് ഗോള്‍ഡ് ജ്വല്ലറി ഉടമ മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍, താഹിറ മന്‍സിലിലെ യൂസഫ് കോട്ടയുടെ പരാതിയില്‍ കാസര്‍കോട്ടെ ഡോ. മുഹമ്മദ് സഹീര്‍, അബ്ദുള്ള എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ജ്വല്ലറി ഉടമയായ പരാതിക്കാരന്‍ പഴയ സ്വര്‍ണ്ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുണ്ട്. ഒരു ദിവസം പരാതിക്കാരനെ ഫോണ്‍ ചെയ്ത ഡോക്ടറും കൂട്ടാളിയും ഒരു കോടിയില്‍ അധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം ഉണ്ടെന്നു വിശ്വസിപ്പിച്ചതായി ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 2026 മെയ് 17ന് കാഞ്ഞങ്ങാട്, ചിത്താരിയിലെ ഒരു ഹോട്ടലിനു സമീപത്തു വച്ച് 93 ലക്ഷം രൂപ കൈമാറി. പണം കൈപ്പറ്റിയ ശേഷം സ്വര്‍ണ്ണമോ പണമോ നല്‍കാതെ ചതി ചെയ്തതായും പരാതിയില്‍ പറഞ്ഞു. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായി കൂട്ടിച്ചേര്‍ത്തു.







