മഞ്ചേശ്വരം : ട്രോളിംഗ് നിരോധനം കഴിഞ്ഞ ദിവസം അവസാനിച്ചുവെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ കഴിയാതെ വിഷമിക്കുന്നു.ശക്തമായ കാറ്റും മഴയും. കടൽ പ്രക്ഷുബ്ധമാണ്.ടോളിംഗ് കഴിയും മുമ്പു തന്നെ മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയുടെ വലിയ തയ്യാറെടുപ്പിലായിരുന്നു.ബോട്ടുകളും, വലകളുമെല്ലാം കേടുപാടുകൾ തീർത്ത് കടലിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വെച്ചു. പുതിയ വലകളാണ് വാങ്ങിയിട്ടുള്ളത്.ഈ സീസണിൽ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷ മത്സ്യത്തൊഴിലാളികൾക്കുണ്ടാ യിരുന്നു.കടലിൽ മത്സ്യ ലഭ്യതയുണ്ടെന്ന് ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരിൽ നിന്ന് നേരത്തെ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ മനസ്സിലാക്കിയിരുന്നു.എന്നാൽ റെഡ് അലർട്ടും, കടലക്ഷോഭവും ആഴക്കടൽ മത്സ്യബന്ധനത്തെ ബാധിക്കുമെന്നതിനാൽ കടലിൽ പോകാനാവുന്നില്ല. ശക്തമായ മഴയിൽ കടൽ ക്ഷുഭിതമാണെങ്കിലും കടലിൽ പോകരുതെന്ന നിർദ്ദേശമൊന്നും തൊഴിലാളികൾക്ക് ലഭിച്ചിരുന്നില്ല.

റെഡ് അലർട്ട് വന്നതോടെ തീരുമാനമായി. ബോട്ടുകൾ കടലിൽ ഇറങ്ങുന്നതോടെ മീൻപിടുത്ത തുറമുഖങ്ങളും,മാർക്കറ്റുകളും സജീവമാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. മത്സ്യാഹാര പ്രേമികളും അതിനു കാത്തിരിക്കുകയായിരുന്നു. പരമ്പരാഗത വള്ളങ്ങളിൽ മീൻ പിടിക്കുന്നവർക്ക് ട്രോളിംഗ് കാലത്തും തരക്കേടില്ലാത്ത മീൻ ലഭിച്ചിരുന്നു.മത്തി, അയില,ചെമ്മീൻ, പൊടിമീൻ എന്നിവ മത്സ്യ ചന്തകളിൽ യഥേഷ്ടം എത്തിയിരുന്നു.വിലയും കുറവായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു,മൂന്നു ദിവസങ്ങളായി കടൽക്ഷോഭത്തെ തുടർന്ന് മത്സ്യ ലഭ്യത കുറഞ്ഞു.അതോടെ മാർക്കറ്റുകളിൽ മത്തി അടക്കമുള്ള മത്സ്യങ്ങൾക്ക് വില വർധിക്കുകയും ചെയ്തു.200 രൂപയുണ്ടായിരുന്ന മത്തിക്ക് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 400 രൂപയായി വർദ്ധിച്ചു.







