ഇന്നത്തെ പ്രധാന വാർത്തകൾ

യു.എസ് – ഇറാൻ സൈനിക സംഘർഷം രൂക്ഷമാകുന്നു.
​ഇറാനിലെ പ്രധാന തീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ്, ബുഷെഹർ എന്നിവിടങ്ങളിൽ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഈ സൈനിക നീക്കം പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

അതേസമയം ആക്രമണത്തിൽ തങ്ങളുടെ 8 നാവിക-വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.

​ചൈനയുടെ മിസൈൽ പരീക്ഷണത്തിനെതിരെ യു.എസ്.
​ജൂലൈ 6-ന് ചൈന, പസഫിക് സമുദ്രത്തിലേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ അമേരിക്ക ശക്തമായി വിമർശിച്ചു. ആണവ അന്തർവാഹിനിയിൽ നിന്ന് നടത്തിയ ഈ പരീക്ഷണത്തെക്കുറിച്ച് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ചൈന വിവരങ്ങൾ നൽകിയതെന്നും ആവശ്യത്തിന് വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെന്നുമാണ് യു.എസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയത്. യു.എസിന് പുറമെ ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, തായ്‌വാൻ എന്നീ രാജ്യങ്ങളും ചൈനയുടെ നീക്കത്തിൽ ആശങ്ക അറിയിച്ചു .

​തെക്കൻ ലെബനനിൽ ഹിസ്ബുള്ള കമാൻഡറെ ഇസ്രായേൽ പിടികൂടി.
​തെക്കൻ ലെബനനിലെ ബിന്ത് ജ്ബെയ്ൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിനിടെ ഹിസ്ബുള്ളയുടെ പ്രമുഖ കമാൻഡോ വിഭാഗമായ ‘രാധ്വാൻ ഫോഴ്സിലെ’ ഒരംഗത്തെ ഇസ്രായേൽ സൈന്യം ജീവനോടെ പിടികൂടി. ഇയാളെ ചോദ്യം ചെയ്യലിനായി ഇസ്രായേലിലേക്ക് മാറ്റിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.

ആപ്പിൾ-ബ്രോഡ്കോം വൻകിട ചിപ്പ് കരാർ.
​അമേരിക്കയിൽ തന്നെ കൂടുതൽ ചിപ്പുകൾ നിർമ്മിക്കുന്നതിനായി പ്രമുഖ ആഗോള കമ്പനിയായ ആപ്പിൾ, ബ്രോഡ്കോം കമ്പനിയുമായി പുതിയ കരാറിലേർപ്പെട്ടു. 30 ബില്യൺ ഡോളറിലധികം (3,000 കോടി ഡോളർ) മൂല്യമുള്ള ഈ മൾട്ടി-ഇയർ കരാർ വഴി 15 ബില്യണിലധികം യു.എസ് നിർമ്മിത ചിപ്പുകൾ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

​തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ ഔദ്യോഗിക സന്ദർശനത്തിനു മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സുരക്ഷ, കൃഷി, വ്യാപാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഇരു നേതാക്കളും ഒപ്പുവെക്കും.

വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് ബ്രിട്ടന്റെ വൈൽഡ് കാർഡ് താരം ആർതർ ഫെറി പുരുഷ സിംഗിൾസ് സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ താരം ഫ്ലാവിയോ കോബോളിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് 23-കാരനായ ഫെറിയുടെ സ്വപ്നതുല്യമായ മുന്നേറ്റം. കഴിഞ്ഞ 25 വർഷത്തിനിടെ വിംബിൾഡൺ സെമിയിലെത്തുന്ന ആദ്യ ബ്രിട്ടീഷ് വൈൽഡ് കാർഡ് താരമാണ് ഇദ്ദേഹം.

2026 ഫിഫ ലോകകപ്പിൽ ഇന്ന് (ജൂലൈ 9, വ്യാഴം) ഒരു ക്വാർട്ടർ ഫൈനൽ മത്സരം നടക്കും. പ്രീ-ക്വാർട്ടറിൽ പരാഗ്വെയെ തോൽപ്പിച്ചെത്തുന്ന ഫ്രാൻസും കാനഡയെ അട്ടിമറിച്ചെത്തുന്ന മൊറോക്കോയും തമ്മിലാണ് ഇന്നത്തെ പോരാട്ടം.

​പശ്ചിമേഷ്യൻ സംഘർഷം; ഓഹരി വിപണിയിൽ വൻ ഇടിവ്.
​അമേരിക്കയും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യൻ മേഖലയിലെ സൈനിക സംഘർഷം കനത്തതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് 1,700 ലധികം പോയിന്റുകൾ താഴേക്ക് പതിച്ചു. യുദ്ധ സാഹചര്യം ക്രൂഡ് ഓയിൽ വിലയെയും ആഗോള വിപണിയെയും ബാധിക്കുമെന്ന ആശങ്കയിൽ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.

​രാജ്യത്ത് കാലവർഷം കനക്കുന്നു; ദൽഹിയിൽ ഓറഞ്ച് അലർട്ട്
​ഉത്തരേന്ത്യയിലുടനീളം മൺസൂൺ മഴ ശക്തമായി തുടരുകയാണ്. തലസ്ഥാനമായ ഡൽഹിയിൽ കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഡൽഹി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷിയെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്ന എൽ നിനോ പ്രതിഭാസത്തിന്റെ ആഘാതം പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി.

​നിജ്ജാർ വധക്കേസ്: ലോറൻസ് ബിഷ്ണോയിക്കെതിരെ അമേരിക്കയിൽ കുറ്റപത്രം
​2023-ൽ കാനഡയിൽ വെച്ച് ഖാലിസ്ഥാൻ വാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ അധോലോക നായകൻ ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നിവർക്കെതിരെ യുഎസ് അധികൃതർ കുറ്റപത്രം സമർപ്പിച്ചു. അതേസമയം, ഈ കൊലപാതകത്തിൽ ഇന്ത്യൻ ഗവൺമെന്റിന് പങ്കുള്ളതായി യാതൊരു തെളിവുമില്ലെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്.


​ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവന വിവാദം; അന്വേഷണത്തിന് ഉത്തരവ്
​ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവനയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് ഒരു ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പ്രതിരോധ മേഖലയിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ബ്രഹ്മോസ്, അസ്ത്ര മിസൈൽ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു .

കേരളത്തിലെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
​സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ ന്യൂനമർദമേഖല രൂപപ്പെട്ടതിനെ തുടർന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
​ഈ 3 ജില്ലകളിലെയും (വയനാട്, കോഴിക്കോട്, മലപ്പുറം) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
​എന്നാൽ മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല.

​മലപ്പുറം മുതൽ കാസർകോട് വരെയുള്ള 5 വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

കേരള തീരത്ത് 50-60 കി.മീ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുണ്ട്.


​ഇന്ത്യയുടെ അധ്യക്ഷതയിൽ
കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര ബ്രിക്സ് വനിതാ മന്ത്രിതല സമ്മേളനംആരംഭിച്ചു . ജൂലൈ 8, 9 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉന്നതതല പ്രതിനിധി സംഘങ്ങളും പങ്കെടുക്കുന്നുണ്ട്.

​നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ ബിജെപി.
​കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികൾ വാങ്ങിയതിലും മറ്റും 12 കോടി രൂപയുടെ ഫണ്ട് തിരിമറി നടന്നെന്ന ആരോപണത്തെ ചൊല്ലി ബിജെപിയിൽ വിവാദം. കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയതെന്നാണ് വിവരം. എന്നാൽ സംസ്ഥാന നേതാക്കൾ ഈ ആരോപണം പൂർണ്ണമായി നിഷേധിച്ചു.

​ നിയമസഭയിൽ ഐടി വകുപ്പിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കം.
​മുൻപ് 29 വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി, മറ്റു മന്ത്രിമാരുടെ പക്കലുണ്ടായിരുന്ന ഐടി വകുപ്പ് എന്തിനാണ് സ്വന്തം കൈകളിൽ വെച്ചിരിക്കുന്നത് എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം നിയമസഭയിൽ വാഗ്വാദത്തിന് വഴിവെച്ചു.


​പാലക്കാട് മലമ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു: കനത്ത മഴയെത്തുടർന്ന് പരച്ചാത്തി മലയോര മേഖലയിലെ ആദിവാസി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മലമ്പുഴ അയ്യപ്പൻപൊറ്റ സാംസ്കാരിക കേന്ദ്രത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.

​കുമിളിയിൽ മരം വീണ് മരണം: ചക്കുപള്ളത്തിന് സമീപം ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ പെരുമായി (61) എന്ന സ്ത്രീ മരക്കൊമ്പ് ഒടിഞ്ഞുവീണ് മരിച്ചു.

​പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം: ശാരീരിക പരിമിതിയുള്ള 75-കാരൻ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചു.

കാസർകോട് ജില്ലയിൽ കാലവർഷം ശക്തമായി തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

​കാറ്റ് ജാഗ്രത: മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥ കാരണം കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കർശന നിർദേശമുണ്ട്.

​നാശനഷ്ടങ്ങൾ: കഴിഞ്ഞ ദിവസങ്ങളിൽ കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടുകൾ തകരുകയും വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

​സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഫണ്ട് പ്രതിസന്ധി: പുതിയ ബാച്ചുകൾ ആരംഭിക്കുന്നതിന് സ്കൂളുകൾ അഞ്ച് ലക്ഷം രൂപയോളം കണ്ടെത്തണമെന്ന പുതിയ നിബന്ധന സർക്കാർ സ്കൂളുകൾക്ക് വലിയ പ്രതിസന്ധിയാകുന്നു. ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാൽ ജില്ലയിലെ പല സർക്കാർ സ്കൂളുകളും പദ്ധതിയിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാകുന്നതായാണ് റിപ്പോർട്ടുകൾ.

​ഹയർ സെക്കൻഡറി പ്രവേശനോത്സവം: ജില്ലയിലെ ഹയർ സെക്കൻഡറി പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു.

ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ ബസ് പണിമുടക്ക് ജനങ്ങളെ, പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലുള്ളവരെ കടുത്ത യാത്രാദുരിതത്തിലാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി സർവീസുകൾ കുറവുള്ള റൂട്ടുകളിൽ വലിയ ജനക്കൂട്ടമാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ കാഞ്ഞങ്ങാട്ട് കൈകാണിച്ചിട്ടും നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ അധ്യാപിക പരാതി നൽകിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page