കൊച്ചി : കുമ്പള ഗ്രാമപഞ്ചായത്തിന്റെ പൂഴി കച്ചവടത്തിനു കുരുക്കു മുറുകുന്നു.
കുമ്പള പഞ്ചായത്തിലെ ആരിക്കാടി, ഷിറിയ പുഴകളുടെ സംഗമ സ്ഥാനമായ അഴിമുഖത്തു നിന്നു പൂഴി വാരുന്നതു ഹൈക്കോടതി തടഞ്ഞു. 9 വര്‍ഷമായി ഇവിടെ അനധികൃതമായി നടത്തിവരുന്ന പൂഴിക്കച്ചവടത്തില്‍ 15 കോടിയോളം രൂപ പഞ്ചായത്ത് പിഴയടക്കേണ്ടിവരുമെന്നു സൂചനയുണ്ട്. ഇതിനു പുറമെ പഞ്ചായത്ത് സെക്രട്ടറിയുള്‍പ്പെടെ ഇവിടെ നിന്നു മണലൂറ്റാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടായേക്കും.
ഇക്കൊല്ലത്തെ ഷിറിയയിലെ പൂഴിക്കച്ചവട ലേലത്തില്‍ പഞ്ചായത്തിന്റെ അഴിമതിയും നിയമ വിരുദ്ധ നിലപാടുകളും ചൂണ്ടിക്കാട്ടി കുമ്പള ത്യാഫ് മന്‍സിലിലെ അബ്ബാസ് ജാഫര്‍ നല്‍കിയ പരാതിയില്‍ മണലൂറ്റലിന്, ബന്ധപ്പെട്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതു അടുത്ത കേസ് വിചാരണ ദിവസം ഹാജരാക്കാനും അതുവരെ ഷിറിയയില്‍ നിന്നു മണല്‍ വാരുകയോ അതിനുവേണ്ടി ഏതെങ്കിലും സജ്ജീകരണം ഏര്‍പ്പെടുത്തുകയോ ചെയ്യരുതെന്നും പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു. ഇന്നത്തെ അവസ്ഥയിലായിരിക്കണം ഷിറിയ പുഴയെന്നും അതിനൊരു മാറ്റവും ഉണ്ടാക്കരുതെന്നും കോടതി മുന്നറിയിച്ചു. കുമ്പള പഞ്ചായത്തിലെ വിവിധ പൂഴിക്കടവുകളില്‍ ബന്ധപ്പെട്ട അധികൃതരുടെ അനുമതി ഇല്ലാതെ കോടിക്കണക്കിനു രൂപയുടെ മണല്‍ കൊള്ള നടത്തുന്നുണ്ടെന്ന് ബി ജെ പി മണ്ഡലം പ്രസിഡണ്ട് വിക്രംപൈ നേരത്തെ കേന്ദ്രസര്‍ക്കാരിനോടു പരാതിപ്പെട്ടിരുന്നു. ഈ കേസില്‍ കക്ഷിചേരാന്‍ അദ്ദേഹം കോടതി അനുമതി തേടുന്നുണ്ട്.
പഞ്ചായത്തിന്റെ ഷിറിയയിലെ പൂഴിക്കച്ചവടത്തിനെതിരെ അബ്ബാസ് നല്‍കിയ പരാതിയില്‍ ന്യൂഡല്‍ഹിയിലെ പരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍, മത്സ്യ -തുറമുഖ വകുപ്പു സെക്രട്ടറി, കേരള തീരദേശ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മാരിടൈം ബോഡ് ചീഫ് എക്‌സി. ഓഫീസര്‍, കാസര്‍കോട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍, കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍, കാഞ്ഞങ്ങാട്ടെ കേരള സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍, കുമ്പള പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍.
പരിസ്ഥിതി വകുപ്പിന്റേയും കേരള കോസ്റ്റല്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെയും അനുമതിയും അംഗീകാരവുമില്ലാതെയാണ് ഷിറിയ പുഴയുടെ അഴിമുഖത്തു നിന്നു മണല്‍ ഊറ്റുന്നതെന്നു കേരള തീരദേശ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി കോടതിയെ അറിയിച്ചു.
പരിസ്ഥിതി ക്ലിയറന്‍സും കടവു പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതിയും സംബന്ധിച്ച കോടതി തീരുമാനം പിന്നീടു പ്രഖ്യാപിക്കുന്നതാണ്.
കേസിലെ ഒന്‍പതാം എതിര്‍കക്ഷിയായ കുമ്പള ഗ്രാമ പഞ്ചായത്താണ് ഷിറിയ അഴിമുഖത്ത് ഡ്രഡ്ജിംഗ് നടത്തുന്നത്. ഇത് ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ഒരു അനുമതിയും നേടാതെയാണിതെന്നു പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.
അതിനാല്‍ ഷിറിയ പുഴയില്‍ ഡ്രഡ്ജിംഗ് നടത്താന്‍ ഒമ്പതാം എതിര്‍കക്ഷിയായ പഞ്ചായത്തിനെ ഒരു കാരണവശാലും അനുവദിക്കരുതെന്ന് അദ്ദേഹം കോടതിയോടഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഒന്‍പതാം എതിര്‍കക്ഷിയായ കുമ്പള പഞ്ചായത്തിന് ആരില്‍ നിന്നും മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും കേരള മാരിടൈം ബോഡില്‍ നിന്ന് അനുമതിവാങ്ങേണ്ട ആവശ്യമില്ലെന്നും പഞ്ചായത്ത് കോടതിയില്‍ വാദിച്ചു.
ജലപാതയുടെ നിലനില്‍പ്പിനും വെള്ളം കടന്നുപോവാനും കപ്പല്‍പാത, തുറമുഖപാത, കോസ്റ്റ് ഗാഡ് പോര്‍ട്ട് എന്നിവയ്ക്കും വേണ്ടിയാണ് അഴിമുഖം ഡ്രഡ്ജിംഗ് നടത്തേണ്ടതെന്നും എന്നാല്‍ ഷിറിയ അഴിമുഖത്തുകൂടി കപ്പലോ, ബോട്ടോ ഇതുവരെ കടന്നു പോയിട്ടില്ലെന്നും അടുത്തൊന്നും അതിന് സാധ്യതയില്ലെന്നും പരാതിക്കാരന്‍ എടുത്തു കാട്ടി. അഥവാ ഈ അനുമതി പഞ്ചായത്തിനു ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി പഞ്ചായത്തിനോടു നിര്‍ദ്ദേശിച്ചു. അധികൃതരുടെ അനുമതിയൊന്നും തുറമുഖത്തു നിന്നു മണല്‍ വാരുന്നതിന് ആവശ്യമില്ലെങ്കില്‍ അതു സംബന്ധിച്ച രേഖ സമര്‍പ്പിക്കാനും കോടതി പഞ്ചായത്തിനോടാവശ്യപ്പെട്ടു.
9 വര്‍ഷമായി ഷിറിയ അഴിമുഖത്തു നിന്നു കോടിക്കണക്കിനു രൂപയുടെ മണല്‍ പഞ്ചായത്ത് എടുത്തിട്ടുണ്ടെന്നു പരാതിക്കാന്‍ ആരോപിച്ചു. തടവു പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മലിനീകരണ നിയന്ത്രണ ബോഡിന്റെ അനുമതി ആവശ്യമാണെന്നും എന്നാല്‍ കടവു പ്രവര്‍ത്തനം 2025 ഏപ്രില്‍ മുതല്‍ നടക്കുന്നില്ലെന്നും പഞ്ചായത്ത് കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രവര്‍ത്തിക്കാത്ത കടവിലെ ജീവനക്കാര്‍ക്കു എല്ലാ മാസവും പഞ്ചായത്തു ശമ്പളം നല്‍കുന്നുണ്ടെന്നും കടവു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കു എങ്ങനെയാണ് ശമ്പളം നല്‍കുന്നതെന്നും പരാതിക്കാരന്‍ ആരാഞ്ഞു.
പരാതി സംബന്ധിച്ചു പഞ്ചായത്തിന് എന്തെങ്കിലും വിശദീകരണമോ പരാതിക്കെതിരായ തെളിവുകളോ ഉണ്ടെങ്കില്‍ അടുത്ത മാസം 9നു നടക്കുന്ന ഹിയറിംഗില്‍ ഹാജരാക്കാന്‍ കോടതി പഞ്ചായത്തിനോടു നിര്‍ദ്ദേശിച്ചു.
വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ അനുമതിയും അംഗീകാരവും കടവു പ്രവര്‍ത്തനത്തിനു ലഭിച്ചിട്ടുണ്ടെങ്കില്‍ അതും ഇത്തരം അനുമതികള്‍ പഞ്ചായത്തിന് ആവശ്യമില്ലെങ്കില്‍ അതു സംബന്ധിച്ച രേഖയും അന്നു ഹാജരാക്കണമെന്നും പഞ്ചായത്തിനോടു കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരനു വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ സീനിയര്‍ അഭിഭാഷകന്‍ കെ രാജേഷ് കണ്ണനും പ്രവീണ്‍ കെ പിള്ളയും കോടതിയില്‍ ഹാജരായി.

ഷിറിയ പുഴയും ആരിക്കാടി പുഴയും സംഗമിക്കുന്ന ഷിറിയ അഴിമുഖത്ത് ഇന്നുവരെ കപ്പലുകളോ ബോട്ടുകളോ എത്തിയിട്ടില്ല. മാത്രമല്ല, അടുത്തൊന്നും ഇവ അഴിമുഖത്തെത്താന്‍ സാധ്യതയുമില്ലെന്നിരിക്കെ, ഇത്തരം ജലായനങ്ങള്‍ കടന്നു പോവുന്ന സംസ്ഥാനത്തെ മറ്റേതോ തുറമുഖത്തിനു അവയുടെ ജലപാതയില്‍ അടിയുന്ന മണ്ണു മാറ്റാന്‍ നല്‍കിയ നിര്‍ദ്ദേശം മറയാക്കിയാണ് ഷിറിയയിലും അഴിമുഖത്തു നിന്നു മണലൂറ്റാന്‍ കാസര്‍കോട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പഞ്ചായത്തിന് മണലൂറ്റല്‍ അനുമതി നല്‍കിയതെന്നും പരാതിയുണ്ട്. എന്നാല്‍ അതിനുവേണ്ടി ഇവിടെ ഇ-1 എ പഠനം നടത്തിയിട്ടില്ല. പരിസ്ഥിതി അനുമതിയും ലഭ്യമാക്കിയിട്ടില്ലെന്നു പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ കോടതിയില്‍ സമ്മതിച്ചു. ജില്ലയിലെ പ്രമുഖ മണല്‍ മാഫിയകള്‍ ഇതിനു പിന്നിലുണ്ടെന്ന് ആരോപണമുണ്ട്. മണല്‍ വാരല്‍ നിയന്ത്രിക്കുന്നതിന് കടവിനടുത്ത് പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ഓഫീസ് രാവിലെ 10 മണിക്കാണ് തുറക്കുന്നത്. അതേ സമയം രാവിലെ ആറു മണി മുതല്‍ 10 മണി വരെയാണ് ഇവിടെ മണല്‍ ഊറ്റുന്നതെന്നും പരാതിയുണ്ട്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും കടവു പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടുമുണ്ട്.
വേലിയേറ്റ-വേലിയിറക്ക മേഖലയില്‍ മണല്‍ത്തിട്ടകള്‍ ഇടിച്ചാണ് മണല്‍ വാരാന്‍ സാഹചര്യമൊരുക്കിയിട്ടുള്ളതെന്നു പറയുന്നു.
അതേസമയം പഞ്ചായത്തിന് കോടിക്കണക്കിനു രൂപ നഷ്ടമുണ്ടാക്കുകയും പരിസ്ഥിതിക്കു വന്‍ ആഘാതത്തിനു സാധ്യതയുള്ളതുമായ ഷിറിയ മണല്‍ക്കൊള്ളയെക്കുറിച്ചും അതുസംബന്ധിച്ച വിവാദപരമായ പ്രമുഖ ഹൈക്കോടതി കേസിനെക്കുറിച്ചും പഞ്ചായത്ത് ഭരണസമിതിയെ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നു പരാതിയുണ്ട്.
ഇക്കാര്യങ്ങള്‍ അജണ്ടയില്‍ വയ്ക്കണമെന്നു ചില മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അതു അവഗണിക്കുകയായിരുന്നെന്നു ആക്ഷേപമുണ്ട്.







