എറണാകുളം: കഞ്ചാവ് വില്‍പനക്കാരെന്ന് ആരോപിച്ച് യുവാക്കളെ ആള്‍ക്കൂട്ട വിചാരണ നടത്തി തലമൊട്ടയടിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ഞപ്പെട്ടി, നീറികാണിക്കല്‍ ഗോകുല്‍ (18), കണ്ടന്തറ, പുത്തന്‍ പുരയ്ക്കല്‍ ആല്‍ബി (20), കളപ്പോത്ത് അല്‍ഫാസ് (20) എന്നിവരാണ് ക്രൂരമായ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം . കണ്ടന്തറയിലെ സോഡാ ഫാക്ടറിയില്‍ ജോലി അന്വേഷിച്ചു എത്തിയതായിരുന്നു യുവാക്കള്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോയ ഒഴിവില്‍ ജോലി ഉണ്ടെന്നു ഫാക്ടറിയിലെ
സൂപ്പര്‍വൈസര്‍ പറഞ്ഞത് അനുസരിച്ചാണ് മൂന്നു പേരും സ്ഥലത്തെത്തിയതത്രെ. സോഡാ ഫാക്ടറിയുടെ മുന്നിലെത്തിയപ്പോള്‍ ഒരു സംഘം ആള്‍ക്കാര്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി താക്കോല്‍ ഊരിയെടുത്ത ശേഷം കഞ്ചാവ് വില്‍പ്പനക്കാരല്ലേയെന്നു പറഞ്ഞ് മര്‍ദ്ദനം ആരംഭിച്ചു. പൊലീസിനെയും ബന്ധുക്കളെയും വിളിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഇതിനിടയില്‍ സമീപത്തെ ബാര്‍ബര്‍ഷോപ്പില്‍ നിന്നു ബാര്‍ബറെ കൂട്ടി കൊണ്ടു വന്ന് നടുറോഡില്‍ കുനിച്ചു നിര്‍ത്തി മൂന്നുപേരുടെയും തല മുണ്ഡനം ചെയ്യുകയായിരുന്നുവെന്നു യുവാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനു ശേഷം ഇതര സംസ്ഥാനക്കാരനായ സൂപ്പര്‍വൈസറെ മാറ്റി നിര്‍ത്തി യുവാക്കളെ സോഡാഫാക്ടറിയിലെ മുറിയിലടച്ച് മര്‍ദ്ദനം തുടര്‍ന്നതായും പരാതിയില്‍ പറഞ്ഞു. പിന്നീട് പെരുമ്പാവൂരിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളോടൊപ്പമാണ് യുവാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.








