തിരുവനന്തപുരം: മീന്‍ ഫ്രൈയില്‍ ചത്ത അട്ടയെ കണ്ടെത്തിയതിന് പിന്നാലെ തലസ്ഥാനത്തെ പൊലീസ് കാന്റീന്‍ കോര്‍പറേഷന്‍ പൂട്ടിച്ചു. കന്റോണ്‍മെന്റ് പൊലീസ് കാന്റീനാണ് പൂട്ട് വീണത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു പൊലീസുകാരന്‍ വാങ്ങിയ പാഴ്സലിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാന്റീന്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. പിന്നാലെ കാന്റീനിന്റെ നടത്തിപ്പുകാരോട് നേരിട്ട് ഹാജരാകണമെന്ന് കോര്‍പറേഷന്‍ നിര്‍ദേശിച്ചു. പിന്നീട് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. ചൊവ്വാഴ്ച കാന്റീനില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങാനെത്തിയ പൊലീസുകാരന്‍ ചോറിനൊപ്പം ഒരു മീന്‍ വറുത്തത് കൂടി ഓഡര്‍ ചെയ്തിരുന്നു. പാഴ്സലായാണ് സാധനം വാങ്ങിയത്. വീട്ടിലെത്തി പൊതി അഴിച്ച് നോക്കിയപ്പോഴാണ് മീന്‍ ഫ്രൈയില്‍ ചത്ത അട്ടയെ കണ്ടത്തിയത്. കാന്റീനെതിരെ നേരത്തെയും പരാതികളുയര്‍ന്നിരുന്നു. എന്നാല്‍ കണ്‍ട്രോള്‍ റൂം ജീവനക്കാരുടെ പ്രധാന ആശ്രയമായ കാന്റീനെതിരെ ആരും പരാതിയുമായി മുന്നോട്ട് പോയിരുന്നില്ല.








