കത്തിക്കരിഞ്ഞ മൃതദേഹം; സാക്ഷികളില്ല, കൊലപാതകം തെളിയിക്കാന്‍ സഹായിച്ചത് ഒരു പപ്പടപ്പൊതി!

ഹൈദരാബാദ്: തെളിവുകളൊന്നുമില്ലാതിരുന്ന ഒരു കൊലപാതകക്കേസില്‍ ചുരുളഴിക്കാന്‍ പൊലീസിനെ സഹായിച്ചത് ചെറിയൊരു പപ്പട പായ്ക്കറ്റ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയും സംഭവസ്ഥലത്തുനിന്ന് ലഭിച്ച പപ്പടം പാക്കറ്റിന്റെ സൂചനയിലൂടെയും പൊലീസ് ആ കേസ് കൊലയെന്ന് തെളിയിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം. പണത്തിന് വേണ്ടി ഒരാളെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയും ചെയ്ത കേസില്‍ കര്‍ണാടകയിലെ ബല്ലാരി ജില്ല സ്വദേശികളായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ രായദുര്‍ഗം പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 23 നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഡി ഹിരേഹല്‍ മണ്ഡലിലുള്ള പുലാകുര്‍ത്തി ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലാണ് തിരിച്ചറിയാന്‍ കഴിയാത്തവിധം കരിഞ്ഞ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ദൃക്സാക്ഷികളോ വ്യക്തമായ തെളിവുകളോ ഇല്ലാതിരുന്ന കേസില്‍ ഫോറന്‍സിക്, ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
സംഭവ സ്ഥലത്തുനിന്ന് കരിഞ്ഞ ഒരു കന്നഡ പത്രത്തിന്റെ കഷണം, വസ്ത്രങ്ങള്‍, ഒരു പൂണൂല്‍, ഒരു പപ്പടത്തിന്റെ പാക്കറ്റ് എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ലഭിച്ച പപ്പടത്തിന്റെ നിര്‍മാതാക്കളെ ചെന്നൈയില്‍ കണ്ടെത്തി അതിന്റെ വിതരണ ശൃംഖല പിന്തുടര്‍ന്ന് ബല്ലാരിയില്‍ എത്തിച്ചേരുകയും ചെയ്തു.
അവിടെ നടത്തിയ അന്വേഷണത്തില്‍, സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ഗുരുരാജു റാവു എന്ന പപ്പട വില്‍പനക്കാരനെ ദിവസങ്ങളായി കാണാനില്ലെന്ന് പൊലീസ് മനസിലാക്കി. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കരിഞ്ഞ മൃതദേഹം ഗുരുരാജു റാവുവിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് പ്രതികളെ ചോദ്യം ചെയ്തത്. ഗുരുരാജുറാവുവിന് പപ്പടക്കച്ചവടത്തിലൂടെയും ക്ഷേത്രങ്ങളിലെ ജോലിയിലൂടെയും വലിയ സമ്പാദ്യമുണ്ടെന്ന് വിശ്വസിച്ചാണ് ഇവര്‍ കൊലപാതകം നടത്തിയത്. പ്രതികളില്‍ നിന്ന് കൊല്ലപ്പെട്ട ഗുരുരാജുവിന്റെ ടിവിഎസ് എക്സ്എല്‍ വാഹനം, എടിഎം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, എന്നിവ പൊലീസ് കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page