രണ്ട് ആഴ്ച വേനൽ അവധി; സ്കൂൾ പൂട്ടിയിട്ടു, ഉറങ്ങിപ്പോയ ഏഴാം ക്ലാസുകാരന്‍ ക്ലാസ് മുറിയില്‍ കുടുങ്ങി, സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ

ശ്രീനഗർ: വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയതറിയാതെ ജീവനക്കാര്‍ സ്‌കൂള്‍ അടച്ചു പൂട്ടി സ്ഥലം വിട്ടു. 15 ദിവസത്തെ വേനല്‍ അവധിക്കായി സ്‌കൂള്‍ അടച്ചപ്പോഴാണ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. സംഭവം പുറത്തായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 4 ന് ജമ്മു കശ്മീരിലെ റംപാന്‍ ജില്ലയിലെ ബനിഹാളിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ഒറ്റക്കായിരുന്നുവെന്നും തുടര്‍ന്ന് ഉറക്കെ നിലവിളിച്ചിട്ടും ആരും കേട്ടില്ലെന്നും കുട്ടി പറയുന്നു. പിന്നീട് രാത്രി എട്ട് മണിയോടെ സ്‌കൂളിനടുത്ത് കൂടി പോയ പ്രദേശവാസി കുട്ടിയുടെ കരച്ചിൽ കേട്ട് മുറിയിൽ എത്തിനോക്കിയപ്പോൾ ക്ഷീണിതനായ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് സ്കൂൾ അധികൃതരെ വിളിച്ചുവരുത്തി ക്ലാസ് മുറി തുറന്നു ശേഷം കുട്ടിയെ രക്ഷപ്പെടുത്തി. സംഭവം വിവാദമായതോടെ സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്യുന്നതായി അറിയിച്ച് മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവ് പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും മേല്‍നോട്ടവും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര അനാസ്ഥയാണുണ്ടായതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. അന്വേഷണത്തിനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
അതിനിടെ വിദ്യാർഥി കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page