ബദിയടുക്ക: ജില്ലയിലെ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ പൊസഡിഗുംബെ
ദൃശ്യ ചാരുത ഒരുക്കി കാണിക്കളെ ക്ഷണിക്കുന്നു. പൈവളിഗെഗ്രാമപഞ്ചായത്തിലെ ഈ പ്രകൃതി സുന്ദര പ്രദേശം കാസർകോട് നിന്ന് 30 കിലോമീറ്റർ വടക്ക് കിഴക്കായ ബായാറിലെ ചെറുകു ന്നാണ്. മഞ്ചേശ്വരം താലൂക്കിലെ ബായാർ, ധർമ്മത്തടുക്ക എന്നീ വില്ലേജുകളിലാണ് ഐ പ്രദേശം.ചുറ്റും മനോഹര കാഴ്ച ഒരുക്കുന്ന കുന്നിൻ പ്രദേശങ്ങൾ.
ജില്ലയിലെ രണ്ടാമത്തെ “റാണിപുര”മാകാൻ പോകുന്ന പൊസടിഗുംബെ സ്വദേശിയരും, വിദേശികളുമായ സഞ്ചാരികളെ ആകർഷിക്കുന്നു. ചുറ്റും മലനിരകൾ ഹരിതാഭ പകരുന്നു.
പൊസഡിഗുംബെയുടെ പ്രകൃതി സൗന്ദര്യം നേരിൽ കാണാൻ മുൻ ജില്ലാ കലക്ടർ ഡോ: പി സജിത് ബാബുവും, ഇപ്പോഴത്തെ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യനും പോസഡിഗുമ്പേ മല കയറിയിരുന്നു. ഉയർന്ന കുന്നിൻ മുകളിൽ നിന്ന് നാലുഭാഗവും നിരീക്ഷിക്കാവുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്.
1.39 കോടി രൂപ ചിലവിൽ പൊസഡി ഗുംമ്പേയെ പ്രധാന ഹിൽ സ്റ്റേഷനായി വികസിപ്പിക്കുന്ന ഡി ടിപിസിയുടെ പദ്ധതിക്കാണ് ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നത്. തുടക്കം എന്ന നിലയിൽ എലിവേറ്റഡ് ഗ്ലാസ് വ്യൂ ടവർ, നടപ്പാതകൾ,കാന്റി ലിവർ വ്യൂ പോയിന്റ്, ട്രക്കിംഗ് പോയിന്റ്, അഡ്വഞ്ചർ സോൺ, ഹാങ്ങിങ് ബ്രിഡ്ജ് എന്നിവയാണ് ടൂറിസം വികസന പ്രോജക്ടിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി സഞ്ചാരികളെ വരവേൽക്കാൻ സ്വാഗത കമാനവും,ലഘു ഭക്ഷണ ശാലയും ഒരുക്കും.
ജില്ലയിൽ പ്രകൃതി കനിഞ്ഞു നൽകിയ ഒട്ടേറെ ടൂറിസം പ്രദേശങ്ങളും ഇതിനകം തന്നെ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. സാങ്കേതിക തടസ്സമുള്ള പദ്ധതികളിൽ തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. പൊസഡിഗുംമ്പേയും ജില്ലയിലെ ടൂറിസം ഭൂപടത്തിൽ വേഗത്തിൽ തന്നെ സ്ഥാനം പിടിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.








