കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയുടെ പഴ്‌സ് കവര്‍ന്ന് 80,000 രൂപ തട്ടിയെടുത്തു; മോഷ്ടാക്കളായ സ്ത്രീകള്‍ 24 മണിക്കൂറിനകം പിടിയില്‍

കൊല്ലൂര്‍: കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് 80,000 രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്ന് സ്ത്രീകളെ കൊല്ലൂര്‍ പോലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടി. ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശികളായ നേത്രാവതി (33), ശാരദ (50), ദുര്‍ഗ്ഗമ്മ (44) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. നിമിഷയും ഭര്‍ത്താവ് പ്രജോഷും ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നിമിഷയുടെ തോളില്‍ തൂക്കിയിരുന്ന വാനിറ്റി ബാഗിന്റെ സിപ്പ് തുറന്ന നിലയിലായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ 80,000 രൂപ പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ചതായി കണ്ടെത്തി. ക്ഷേത്രപരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് യുവതി കൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ആസമയം അവിടെയുണ്ടായിരുന്ന ഭക്തര്‍ പകര്‍ത്തിയ ഫോട്ടോകള്‍ പരിശോധിച്ചും പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ ക്ഷേത്ര പരിസരത്തുവച്ചു തന്നെ പൊലീസ് പിടികൂടി. മൈസൂരിലെ ലഷ്‌കര്‍ പൊലീസ് സ്റ്റേഷനിലും ഭദ്രാവതിയിലെ ഓള്‍ഡ് ടൗണ്‍ പൊലീസ് സ്റ്റേഷനിലും ദുര്‍ഗ്ഗമ്മയ്ക്കെതിരെ രണ്ട് മോഷണ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശാരദയ്ക്കെതിരെ മൂന്ന് മോഷണ കേസുകള്‍ നിലവിലുണ്ട്. അതില്‍ രണ്ടെണ്ണം ബെംഗളൂരു സിറ്റി റെയില്‍വേ പൊലീസ് സ്റ്റേഷനിലും ഒന്ന് മൈസൂരിലെ അശോകപുരം പൊലീസ് സ്റ്റേഷനിലുമാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page