കാസര്‍കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ 10 വര്‍ഷക്കാലമായി മുന്‍ സര്‍ക്കാരുകള്‍ അവരുടെ കാര്യങ്ങള്‍ പരിഗണിച്ചിട്ടില്ല. ബസ് വ്യവസായത്തെ പൂര്‍ണമായും അവഗണിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ അവരെ കൈവിടില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി സി പി ജോണ്‍ ഉറപ്പുനല്‍കി. അതേസമയം വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന യാത്രാ ആനുകൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും, സാമ്പത്തിക ബാധ്യതകളുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ താല്‍പര്യത്തിന് വിരുദ്ധമായ തീരുമാനം എടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.








