ട്രാഫിക് പരിഷ്ക്കരണം കൂടിയാലോലിച്ച് എടുത്ത തീരുമാനം; വ്യാപാരികളുടെ ആരോപണം അടിസ്ഥാന രഹിതം: കുമ്പള പഞ്ചായത്ത് ഭരണസമിതി

കാസർകോട്: കുമ്പള ടൗണിന്റെ സമഗ്ര വികസനം മുൻനിർത്തി, എല്ലാവരുമായി കൂടിയാലോചിച്ചാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കുമ്പളയിൽ ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കിയതെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും
ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയപാർട്ടി, വ്യാപാരി, മോട്ടോർ തൊഴിലാളി പ്രതിനിധികളടക്കം സംബന്ധിച്ച യോഗ തീരുമാനപ്രകാരമാണ് നിലവിലെ പരിഷ്ക്കരണം നടപ്പിലാക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ രാജേഷ് മനയത്ത്, സെക്രട്ടറി സത്താർ ആരിക്കാടി, ട്രഷറർ അൻവർ സിറ്റി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ആറാം നമ്പർ ബസ്റ്റാൻഡിൻ്റെ സ്ഥാനം നിശ്ചയിച്ചത്. ട്രഫിക് പരിഷ്കരണ പരാതികൾ ബോധിപ്പിക്കാൻ 15 ദിവസത്തെ സാവകാശം നൽകിയിരുന്നു.
അന്നത്തെ സെക്രട്ടറിയും ഭരണ സമിതിയും തമ്മിലെ തർക്കത്തിൽ തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത വന്നതോതോടെയാണ് പുതിയ ഭരണ സമിതി ട്രാഫിക് പരിഷ്കരണം നടപ്പാക്കിയത്. എന്നാൽ
ബസ് ഓണേർസ് അസോസിയേഷനും ബസ് തൊഴിലാളികളും എതിർപ്പുമായി വന്നെങ്കിലും
ട്രാഫിക് കമ്മിറ്റിയുടെയും ഭരണ സമിതിയുടെയും തീരുമാനം നടപ്പിലാക്കുകയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ സാന്നിധ്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി ജില്ലാ പൊലിസ് മേധാവിയെ കണ്ടത്. തങ്ങളോടൊപ്പം ഉണ്ടായവർ ഒരാലോചനയും നടത്താതെ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.
സമരത്തിൽ സി.പി.എം, എസ്.ഡി.പി.ഐ എന്നീ സംഘടനകളുടെ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായും ജനപ്രതിനിധികൾ പറഞ്ഞു. മിനുക്ക് പണികൾ ബാക്കിയുള്ളതും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും കാരണം ടേക് എ ബ്രേക്ക്, മത്സ്യമാർക്കറ്റ് എന്നിവ തുറന്ന് കൊടുക്കാൻ കഴിഞ്ഞില്ല. അടിയന്തിര പ്രധാന്യത്തോടെ ഇവ തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കുമെന്നു ഭരണസമിതി അറിയിച്ചു. നടപ്പാത കയ്യേറിയുള്ള കച്ചവടം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, തട്ടുകടകൾ എന്നിവക്കെതിരെയും, ഡ്രൈനേജ് സംവിധാനം ഇല്ലാത്ത ഹോട്ടൽ, കൂൾ ബാറുകൾ എന്നിവക്കെതിരേയും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് വി.പി അബ്ദുൽ ഖാദർ, വൈസ് പ്രസിഡൻ്റ് എം.ബൽക്കീസ്, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി ബാലിദ്, ഇനാസ് ഫവാസ് കോഹിന്നൂർ, മഞ്ചുനാഥ ആൾവ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page