ഭോപ്പാല്‍: മൈഹാര്‍ ജില്ലയിലെ റേവ റോഡില്‍ നാഷണല്‍ ഹൈവേയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. അങ്കുര്‍ പട്ടേല്‍ (40), മൃദുല്‍ പട്ടേല്‍ (32), വിജയ് പട്ടേല്‍ (30), ഹരിശങ്കര്‍ പട്ടേല്‍ (25), ശിവ പട്ടേല്‍ (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ നാദന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിഗ്ര ഗ്രാമത്തിന് സമീപമാണ് അപകടം. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. കാര്‍ ഒരു ട്രക്കിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പൊലീസും നാട്ടുകാരും ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തു. നാലുപേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മരിച്ചവരില്‍ നാലുപേര്‍ മൈഹാര്‍ ജില്ലയിലെ തനാജ സ്വദേശികളും ശിവ പട്ടേല്‍ നരോര സ്വദേശിയുമാണ്. അമിതവേഗതയോ ഡ്രൈവറുടെ അശ്രദ്ധയോ ആകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടം നടന്നയുടെന്‍ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.








