കാസര്‍കോട്: കോഴിക്കോട് ആര്‍ഇസിയില്‍ അടിയന്തരാവസ്ഥ കാലത്ത് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അധ്യാപകനായിരുന്ന കാസര്‍കോട് ചൗക്കി കെകെ പുറത്തെ ചെമ്പകം വീട്ടില്‍ പ്രൊഫ.കെ.കെ അബ്ദുല്‍ ഗഫാര്‍ (89) അന്തരിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ഇതേ കോളേജില്‍ വിദ്യാര്‍ത്ഥിയും അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി ഗൂഢമായി മറവു ചെയ്തുവെന്നു ഇപ്പോഴും ആരോപണമുള്ള രാജന്‍ എന്ന വിദ്യാര്‍ത്ഥിയുടെ അധ്യാപകനും ആ കേസിലെ സാക്ഷിയുമായിരുന്നു. പൊലീസ് രാജനെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് രാജനെ ജീവനോടെ കണ്ടതും ഇദ്ദേഹമായിരുന്നു. രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് കൊണ്ടു പോയ ശേഷം പൊലീസ് നിര്‍ദ്ദേശമനുസരിച്ച് ക്യാമ്പിലെത്തിയ ആളും ഇദ്ദേഹമായിരുന്നു.
കൊല്ലം ടികെഎം, കോഴിക്കോട് ആര്‍ഇസി കോളേജുകളില്‍ അധ്യാപകനായിരുന്നു. ഭട്കല്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ കോളേജ് സ്ഥാപകനും അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറുമായിരുന്നു. സൗദി അറേബ്യ അരാംകോ പെട്രോളിയം കമ്പനി എഞ്ചിനീയറുമായിരുന്നു.
ഭാര്യ: ഉമ്മുല്‍ ബര്‍ക്കത്ത് ജമീല. മക്കള്‍: ഫരീദഗഫാര്‍, ഡോ. ജമാലുന്നീസ ഗഫാര്‍, ഷഹനാസ് ഗഫാര്‍, ഡോ. ഷാജിര്‍ ഗഫാര്‍. മരുമക്കള്‍: യാക്കൂബ്, അനീസ്, നിഷാദ്, മൗഷ്മി. സഹോദരങ്ങള്‍: കെ.കെ മാഹിന്‍, സക്കീന, കെ.കെ ഇബ്രാഹിം, കെ.കെ ഷംസുദ്ദീന്‍.







