കാസര്‍കോട് ജില്ലയില്‍ സ്വകാര്യ ബസ് സമരം പൂര്‍ണ്ണം: സാധാരണയാത്രക്കാര്‍ വിഷമത്തില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി വനിതകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് സ്വകാര്യ ബസ് സര്‍വ്വീസ് ഇന്ന് നിറുത്തിവച്ചു.
ജില്ലയിലെ സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളികള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തുന്നുണ്ട്. അണങ്കൂരില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കളക്ടറേറ്റിലെത്തി ധര്‍ണ്ണനടത്തും.
സമരം യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. വനിതകളൊഴികെയുള്ള യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ കയറിപ്പറ്റാനാകാത്ത സ്ഥിതിയാണ്. ഓട്ടോ ചാര്‍ജിലെ വര്‍ധനവ് മൂലം അതിനും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും സാധാരണക്കാരായ മറ്റു യാത്രക്കാരും. വനിതകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തിയതോടെ സ്വകാര്യ ബസുകള്‍ക്ക് ഇന്ധനം പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണെന്ന് ഉടമകള്‍ പറയുന്നു.


ജില്ലയില്‍ സ്വകാര്യബസ് പണിമുടക്ക് പൂര്‍ണ്ണമാണെങ്കിലും ജില്ലയിലെ വടക്കന്‍ അതിര്‍ത്തിയായ ഹൊസങ്കടിയില്‍ നിന്നു മംഗലാപുരത്തേക്ക് കര്‍ണ്ണാടക സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് രൂക്ഷമാണെന്നു പറയുന്നു. അതേ സമയം മഞ്ചേശ്വരത്തെ ഹൊസങ്കടിയില്‍ നിന്ന് ആനക്കല്ലിലേക്ക് യാത്രക്കാര്‍ ബസ് കാത്തു കൂട്ടം കൂടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page