ന്യൂജഴ്സി: നോർവേയ്‌ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റതിന് പിന്നാലെ, ബ്രസീലിയൻ ഇതിഹാസ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.
മത്സരത്തിന് ശേഷം വികാരാധീനനായി സംസാരിച്ച 34-കാരനായ നെയ്മർ, ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.”ഞാൻ പരമാവധി ശ്രമിച്ചിരുന്നു, എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എവിടെയാണോ ഞാൻ തുടങ്ങിയത്, അവിടെത്തന്നെ ഇത് പൂർത്തിയാക്കുന്നു.”- നെയ്മർ പറഞ്ഞു. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായിരുന്നു നെയ്മർ. 139 കളികളിൽ നിന്ന് രാജ്യത്തിനായി നെയ്മർ നേടിയത് 80 ഗോൾ. പരിക്ക് കാരണം വിട്ടുനിന്ന നെയ്മർ ബ്രസീൽ ടീമിലെത്തിയത് 2 വർഷത്തിനും 8 മാസത്തിനും ശേഷമാണ് ഇപ്പോൾ ടീമിലെത്തിയത്.
2010-ൽ ഇതേ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അമേരിക്കയ്‌ക്കെതിരെ കളിച്ചുകൊണ്ടാണ് നെയ്മർ ബ്രസീലിനായി അരങ്ങേറ്റം കുറിച്ചത്. 2016ൽ ബ്രസീലിനെ ഒളിമ്പിക് ചാമ്പ്യന്മാരാക്കി. 2012 ഒളിമ്പിക്സിൽ വെള്ളി മെഡൽ. ഈ ലോകകപ്പിൽ രണ്ട് മത്സരങ്ങളിലും കളിച്ചത് പകരക്കാരനായായിരുന്നു. ഏറെ നാളുകളായി പരുക്കുകൾ അലട്ടിയിരുന്ന താരം ഇത്തവണ കളിക്കുമോ എന്ന് പോലും സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ടൂർണമെന്റിലെ ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ താരം ഇടംപിടിച്ചില്ല. രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും താരം ക്ലബ്ബ് ഫുട്ബോളിൽ സാന്റോസിനായി കളി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.








