കാസർകോട്: സാഹിത്യത്തെ ജീവിതത്തോടും മനുഷ്യസ്നേഹത്തോടും ചേർത്ത് വായിക്കാൻ പഠിപ്പിച്ച മഹാനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് എഴുത്തുകാരനും ബഷീർ ദി മാൻ ഡോക്യുമെന്ററി സംവിധായകനുമായ പ്രൊഫ.എം എ റഹിമാൻ പറഞ്ഞു.
അദ്ദേഹത്തിന്റെ കൃതികൾ ഇന്നും വായനക്കാരുടെ ഹൃദയത്തിൽ ജീവിക്കുന്നതിന്റെ കാരണം അതിലെ ലാളിത്യവും മനുഷ്യ സ്നേഹവും നർമ്മവും ജീവിത ഗന്ധവുമാണെന്ന് എം. എ. റഹിമാൻ പറഞ്ഞു.
ബഷീറിന്റെ ഓർമ്മദിനത്തിൽ ഇശൽ വേദി ഉദുമ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീറിനെ വായിക്കുന്നത് ഒരു എഴുത്തുകാരനെ മാത്രം അറിയലല്ല, മനുഷ്യനെ തിരിച്ചറി യലും ജീവിതത്തെ കൂടുതൽ സ്നേഹി ക്കാൻ പഠിക്കലു മാണ്.
സാധാരണക്കാരുടെ ജീവിതം അസാധാര ണമായ സാഹിത്യ മായി മാറ്റിയ അപൂർവ പ്രതിഭയായിരുന്നു
ബഷീർ . മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അതിരുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാണ് ബഷീർ തന്റെ രചനകളിലൂടെ കൈമാറിയ
തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും സാഹിത്യലോകവും ആവിഷ്കരിച്ച ‘ബഷീർ ദി മാൻ’ ഡോക്യുമെന്ററി ഒരുക്കിയ അനുഭവങ്ങളും
അദ്ദേഹം പങ്കുവെച്ചു.
ബഷീറിനെ ക്യാമറയിലൂടെ അടയാളപ്പെടുത്തുക എന്നത് ഒരു ഡോക്യുമെന്ററി നിർമ്മാണം മാത്രമായിരുന്നില്ലെന്നും, മറിച്ച് മനുഷ്യസ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ജീവിതദർശനത്തിന്റെയും ഒരു അപൂർവ യാത്രയായിരുന്നു.
ബഷീറിനെ അടുത്തറിഞ്ഞവരുമായി നടത്തിയ അഭിമുഖങ്ങളും അദ്ദേഹം ജീവിച്ച സ്ഥലങ്ങളിലേക്കുള്ള യാത്രകളും ഡോക്യുമെന്ററിയെ കൂടുതൽ ആഴമുള്ളതാക്കി. ബഷീറിന്റെ രചനകളിലെ നർമ്മവും സ്നേഹവും മാനവികതയും ജീവിതത്തിന്റെ ലളിതസത്യങ്ങളും ദൃശ്യഭാഷയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ കെ മുഹമ്മദ് ക്കുഞ്ഞി അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ഉദുമ ,
പ്രൊഫ. സാഹിറ റഹിമാൻ, കാദർ കോട്ടപ്പാറ,കെപി മുഹമ്മദ്ക്കുഞ്ഞി, സികെ ഹംസ, ബിപി അബ്ദുൽ ഖാദർ, അമീർ കണ്ണംകുളം, കെഎ മുഹമ്മദ് ഷഹീം,കെഎ ഫാത്തിമത്ത് സുനീറ, പിഎ നജ്ല സംസാരിച്ചു.







