കാസര്‍കോട്: മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് യുവതിയെ മദ്യപിച്ച് വാഹനം ഓടിച്ച നിലയില്‍ പൊലീസ് പിടികൂടിയത്. അണങ്കൂരിലെ റോഡിന് നടുവിലായി നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധനയ്ക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കാര്‍ പെട്ടെന്ന് ഓടിച്ചുപോവുകയായിരുന്നു. പിന്നീട് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വാഹനം പിന്തുടര്‍ന്ന് ബന്തിയോട് ഭഗവതി നഗറില്‍ വെച്ചാണ് തടഞ്ഞുവെച്ചത്. വാഹനം പരിശോധിച്ചപ്പോള്‍ ധന്യയാണ് ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. മദ്യപിച്ച് അശ്രദ്ധമായി മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചതിന് ധന്യയ്ക്ക് അപ്പോള്‍ തന്നെ പൊലീസ് നോട്ടിസ് നല്‍കി. ഇപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. മദ്യപിച്ച ഒരാളുടെ
രക്തത്തില്‍ അനുവദനീയമായ അളവില്‍ (30 mg/100 ml) കൂടുതല്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെടും.
ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള വ്‌ളോഗര്‍ മദ്യപിച്ച് വാഹനം ഓടിച്ചതും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ആദ്യം ടിക് ടോക് വീഡിയോകളിലൂടെയാണ് ധന്യ ശ്രദ്ധ നേടിയത്. ടിക് ടോക് നിരോധിച്ചതോടെ ഇന്‍സ്റ്റഗ്രാം റീലുകളില്‍ സജീവമായിരുന്നു. ഒരു പരിപാടിക്കിടെ താന്‍ ഒരു ബിയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നുവെന്നും അത് എന്റെ തെറ്റാണെന്നും ധന്യ പിന്നീട് പ്രതികരിച്ചിരുന്നു.








