പിലിക്കോട്: നാളെ മുതല്‍ ഓഗസ്റ്റ് 3 വരെ കാലിക്കടവില്‍ നടക്കുന്ന 11-ാമത് സംസ്ഥാന യോഗ സ്‌പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ 14 ജില്ലകളിലും നിന്നും മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. കരക്കക്കാവ് ഓഡിറ്റോറിയത്തിലെ മൂന്നു സ്റ്റേജുകളിലാണ് മത്സരങ്ങള്‍ നടക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് എംഎല്‍എ സന്ദീപ് വാര്യര്‍ നിര്‍വഹിക്കും. ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎം മീനാകുമാരി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമന്‍, യോഗ അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രന്‍ തുങ്ങിയവര്‍ സംബന്ധിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങും നടക്കും. കാസര്‍കോട് ജില്ല ആദ്യമായാണ് കേരള സംസ്ഥാന യോഗ സ്‌പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സിഎം മീനാകുമാരി, അഡ്വ. ബി. ബാലചന്ദ്രന്‍, ഡോ.കെ രാജഗോപാലന്‍, ഷീജ അസ്ലം, കെവി ഗണേഷ്, കെപി പ്രദീപ്കുമാര്‍, എംവി നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.







