കോഴിക്കോട്: പേരാമ്പ്രയിൽ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. രണ്ടു യുവാക്കളും മൂന്നു യുവതികളും ഉൾപ്പടെ അഞ്ചു പേർ പിടിയിലായി. വ്യാഴാഴ്ച വൈകിട്ട് പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് ഡാൻസഫ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷിക്കാൻ എത്തിയത്. പരിശോധക്കിടെ ലഹരി സംഘത്തിൽ ഉണ്ടായിരുന്നവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസിനെ ആക്രമിക്കുന്നത് കണ്ട് എത്തിയ നാട്ടുകാർക്ക് നേരെയും ലഹരി സംഘം തിരിഞ്ഞു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ കീഴടക്കിയത്. ഇവരിൽ നിന്നും രാസലഹരിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.








