കുഴഞ്ഞുവീണ വയോധികനെ സഹായിക്കാനെന്ന പേരില്‍ ഒപ്പം കൂടി; ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് പെന്‍ഷന്‍ പണവുമായി മുങ്ങി, ഗുണ്ടയായ പ്രതി പിടിയില്‍

കോഴിക്കോട്: വാര്‍ധക്യ പെന്‍ഷന്‍ വാങ്ങി വരവെ വഴിയില്‍ വീണ വയോധികനെ വീട്ടിലെത്തിക്കാമെന്ന വ്യാജേന ഒപ്പം കൂടി ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് അദ്ദേഹത്തിന്റെ പണവും രേഖകളും അടങ്ങിയ പേഴ്‌സും കവര്‍ച്ച ചെയ്ത ഗുണ്ട പിടിയില്‍. ബേപ്പൂര്‍ ഗോതീശ്വരം കല്ലിങ്ങല്‍ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടില്‍ രതീഷിനെ (45) ആണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചക്കുംകടവ് നദീനഗര്‍ സ്വദേശിയായ അഭയ കുമാര്‍ എന്ന വയോധികനെ കബളിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വാര്‍ധക്യ പെന്‍ഷന്‍ വാങ്ങി അഭയകുമാര്‍ താമസിക്കുന്ന ഫ്‌ലാറ്റിലേക്ക് നടന്നു വരികയായിരുന്നു. അതിനിടെ അദ്ദേഹം റോഡരികില്‍ കാല്‍ തെറ്റി വീണു. ആളുകള്‍ ഓടിക്കൂടിയെങ്കിലും ഇതുവഴി വന്ന പ്രതി താന്‍ സഹായിക്കാമെന്ന് പറഞ്ഞ് വയോധികനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പിന്നീട് ഫ്‌ലാറ്റിലേക്ക് കൊണ്ടുചെന്നാക്കാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ വഴിയിലെത്തിയപ്പോള്‍ വയോധികനെ പിടിച്ച് തള്ളിയിട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പെന്‍ഷന്‍ 4,000 രൂപയും രേഖകളടങ്ങിയ പേഴ്‌സുമായി പ്രതി സ്ഥലം വിട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. രതീഷിനെ ബേപ്പൂര്‍ പരിസരത്തുെവച്ച് പൊലീസ് സംഘം പൊക്കി. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി വില്പനയ്ക്കായി മദ്യം കൈവശം വെച്ചതിനും, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനും, ആക്രമണങ്ങള്‍ നടത്തിയതിനും, പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page