കൊടക്കാട് നാരായണൻ
ചരിത്രവും പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഒരു തീർത്ഥത്ഥാടന സാംസ്കാരിക കേന്ദ്രമായ ശൃംഗേരി മഠത്തിലേക്കാണ് ഇന്നത്തെ യാത്ര.
പശ്ചിമഘട്ടത്തിന്റെ ഹരിതാഭമായ മടിത്തട്ടിൽ, തുംഗാനദിയുടെ തീരത്ത് ശാന്തമായി നിലകൊള്ളുന്ന കർണാടകയിലെ ഒരു ആരാധനാലയം മാത്രമല്ല; ഭാരതത്തിന്റെ ആത്മീയവും ദാർശനികവും സാംസ്കാരികവുമായ ചരിത്രത്തിന്റെ ജീവനുള്ള അധ്യായമാണ് ശൃംഗേരി.ആത്മീയ ലക്ഷ്യത്തോടെ എത്തുന്നവരോടൊപ്പം, ചരിത്രത്തെയും വാസ്തുവിദ്യയെയും സംസ്കാരത്തെയും പഠിക്കാൻ ആഗ്രഹിക്കുന്ന യാത്രികർക്കും ഈ സ്ഥലം ഒരുപോലെ ആകർഷകമാണ്.
എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ കാലടിയിൽ ജനിച്ച ശങ്കരനാണ് കേവലം മുപ്പത്തിരണ്ട് വയസ്സിനുള്ളിൽ ഭാരതത്തെ ആകമാനം ഉണർത്തിയ ആശയത്തിലൂടെ പ്രശസ്തനായ ശങ്കരാചാര്യ സ്വാമികളായതെന്ന് ഏതൊരാളെയും അദ്‌ഭുതപ്പെടുത്തുന്ന കാര്യമാണ്. ഭാരതദേശത്തെ ഉണർത്തുക, ലോകത്തെ ആശയപരമായി പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കുറഞ്ഞ കാലയളവിനുള്ളിൽ അദ്ദേഹം സാധിച്ചെടുത്തത് എന്നത് ചിന്തകരെയും ഭരണാധികാരികളെയും ബുദ്ധിജീവികളെയും ഇന്നും ഇരുത്തിച്ചിന്തിപ്പിക്കുന്ന വിഷയമാണ്.ഭാരതീയ ആത്മീയതയുടെ ചരിത്രത്തിലെ മഹത്തായ വ്യക്തിത്വമായ ശങ്കരാചാര്യർ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തകനും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതവും പഠനങ്ങളും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആവേശം ഉണ്ടാക്കുന്നതും ആത്മീയ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴികാട്ടിയും ആയി മാറി.ഹിന്ദു ധര്‍മ്മ പരിപാലനത്തിന് വേണ്ടി ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ 4 ആശ്രമങ്ങള്‍ ശ്രീ ശങ്കരന്‍ സ്ഥാപിച്ചു. ഒറീസ്സയിലെ പുരി, ഗുജറാത്തിലെ ജാംനഗര്‍ , ഉത്തരാഖണ്ടിലെ ബദ്രിനാഥ് നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്ന കര്‍ണാടകയിലെ ശ്രുംഗേരി, എന്നിവയാണവ.ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍, ബുദ്ധന്മാര്‍, മാധ്യമികന്മാര്‍ എന്നിങ്ങനെ 72 വോളം ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടനങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജകത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷിമാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹചര്യത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പഠനം നടത്തിയത്. ഇവരെ യോജിപ്പിക്കുക എന്ന ജോലി ഏറ്റെടുത്തതും. ഇന്ന് നിലനില്‍ക്കുന്ന വേദ ആചാരങ്ങളും മറ്റും ശങ്കരന്റെ സംഭാവനയാണെന്ന് പറയാം . വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ആ വാക്കിന്റെ അര്‍ഥം തന്നെ രണ്ടല്ലാത്തത് എന്നാണല്ലോ. ആത്മാവും (സ്വന്തം) ബ്രഹ്മവും (പ്രപഞ്ചം) ഒന്ന് തന്നെ എന്ന് സാരം.അദ്വൈത വേദാന്തത്തിന്റെയും അടിസ്ഥാനം ഉപനി ഷത്തുകള്‍, ഭഗവദ് ഗീത, ബ്രഹ്മ സൂത്രം എന്നീ പ്രസ്ഥാന ത്രയങ്ങള്‍ തന്നെ. ഇവയിലെ മൂന്നിലെയും തത്വങ്ങള്‍ കൂട്ടിയിണക്കിയാണ് അദ്വൈതം എന്ന തത്വം ആദി ശങ്കരന്‍ അവതരിപ്പിച്ചത്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങള്‍ ഭൌതികമായ രീതിയില്‍ ദുഷ്ട നിഗ്രഹത്തില്‍ കൂടി ധര്‍മ്മ ത്തെ പുനസ്ഥാപിച്ചു എന്നാണല്ലോ സങ്കല്പം. വെറും വിജ്ഞാനം കൊണ്ടു മാത്രം പരസ്പരം കലഹിച്ചു കൊണ്ടിരുന്ന ഹിന്ദു വിഭാഗങ്ങളെ ഒന്നിച്ചു ചേര്‍ക്കാന്‍ ശങ്കരന്റെ അദ്വൈത ചിന്ത യ്ക്ക്കുറഞ്ഞ കാലയളവ് കൊണ്ട് സാധിച്ചുഎന്നതാണ് ഏറെ അത്ഭുതം. അങ്ങനെ കലിയുഗത്തില്‍ പുരാതനമായ ഹിന്ദു മതത്തെ നാശോന്മുഖമായ പാതയില്‍ നിന്ന് ധര്‍മ്മത്തിന്റെ പാതയിലേക്ക് തിരിച്ചു കൊണ്ടു വന്നു. എന്ന കാരണത്താല്‍ ശങ്കരന്‍ കലിയുഗത്തിലെ ഒരു അവതാരമായി കണക്കാക്കുന്നവരും ഉണ്ട്. ഹിന്ദു ധര്‍മ്മ പരിപാലനത്തിന് വേണ്ടിയാണ് ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ 4 ആശ്രമങ്ങള്‍ ശ്രീ ശങ്കരന്‍ സ്ഥാപിച്ചത്.ഹിന്ദു മത അനുയായികളുടെ ഏകീകരണവും സനാതന ധര്‍മ്മ പരിപാലനവും ആയിരുന്നു ലക്‌ഷ്യം . ഇവിടത്തെ മഠാധിപതികൾ ശങ്കാരാചാര്യര്‍ എന്ന് തന്നെ ഇന്നും അറിയപ്പെടുന്നു. മുപ്പത്തി രണ്ടാം വയസ്സില്‍ ശങ്കരന്‍ തന്റെ ദൌത്യം പൂര്‍ത്തിയാക്കി സമാധിയായി. അദ്ദേഹത്തിന്റെ സമാധി കേദാര്‍നാഥില്‍ ആണെന്നും അല്ല തമിഴ് നാട്ടിലെ കാഞ്ചീപുരത്തായിരുന്നു എന്നും രണ്ടു പക്ഷമുണ്ട്.
ശൃംഗേരി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനു പിന്നല്‍ ഒരു കഥയുണ്ട്.വിവിധ സ്ഥലങ്ങളില്‍ മഠങ്ങള്‍ സ്ഥാപിച്ചതിനു ശേഷം നാലാമത്തെ മഠത്തിനു പറ്റിയ സ്ഥലമന്വേഷിച്ച് അദ്ദേഹം യാത്രചെയ്യുകയായിരുന്നു. യാത്രയില്‍ കര്‍ണ്ണാടകയിലെ ചിക്കമംഗളുരുവിനു സമീപമെത്തിയ അദ്ദേഹം തുംഗഭദ്ര നദിയില്‍ വിശ്രമത്തിനിരുന്നു. പെട്ടന്നാണ് അദ്ദേഹം ഒരു അത്ഭുത കാഴ്ച കണ്ടത്. ഒരു മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി ചൂടില്‍ നിന്നും തവളയെ രക്ഷിക്കുന്നു. ശത്രുക്കളായി കഴിയേണ്ടവര്‍ പോലും സഹജീവികളെ സംരക്ഷിക്കുന്നതു കണ്ട അദ്ദേഹംഅവിടെത്തെന്നെ ക്ഷേത്രം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു
ശാരദാംബ ക്ഷേത്രം :
കാശ്മീരിലെ ശാരദാ ദേവിയുടെ ചന്ദനം കൊണ്ടുള്ള വിഗ്രഹമാണ് ശങ്കരാചാര്യര്‍ ആദ്യം ഇവിടെ സ്ഥാപിച്ചത്. അറിവിൻ്റെയും വിദ്യയുടെയും ദേവതയായ സരസ്വതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ആദിശങ്കരൻ ആദ്യകാലത്ത് പ്രതിഷ്ഠിച്ച ചന്ദന വിഗ്രഹം1916ല്‍ പുനപ്രതിഷ്ഠ നടത്തിയതിനുശേഷം സ്വര്‍ണ്ണവിഗ്രഹമാക്കി മാറ്റി.
ശ്രീ വിദ്യാശങ്കര ക്ഷേത്രം: പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം, ഹൊയ്സാല-ദ്രാവിഡ വാസ്തുവിദ്യകളുടെ മികച്ചൊരു സംയോജനമാണ്. പന്ത്രണ്ട് രാശികളെ പ്രതിനിധീകരിക്കുന്ന കൊത്തുപണികളുള്ള തൂണുകളാണ് ഇതിൻ്റെ പ്രധാന ആകർഷണം.
നാലുകൈകളുള്ള ശാരദാദേവി
പീഠത്തിലിരിക്കുന്ന ശാരദാദേവിക്ക് നാലു കൈകളാണുള്ളത്. താഴെയുള്ള കൈകളില്‍ ഒന്നില്‍ ഗ്രന്ഥവും അടുത്തതില്‍ ചിന്മുദ്രയിലുള്ള വരദഹസ്തവും മുകളിലെ കൈകളില്‍ ഒന്നില്‍ മണിമാലയും അടുത്തതില്‍ ഗദയുടെ മൊട്ടുപോലെയുള്ള രൂപവുമാണ്.
ദ്രാവിഡ വാസ്തുവിദ്യ
ദ്രാവിഡ വാസ്തുവിദ്യയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച മനോഹരമായ നിര്‍മ്മിതിയാണ് ഇവിടുത്തെ ക്ഷേത്രം.
ശാരദാ ക്ഷേത്രം
വിദ്യയുടെ ദേവതയായ സരസ്വതിയെയാണ് ഇവിടെ ആരാധിക്കുന്നത്. തൊട്ടടുത്തു തന്നെയാണ് കരിങ്കല്ലില്‍ തീര്‍ത്ത അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന വിദ്യാശങ്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12 സ്തൂപങ്ങളില്‍ പണിതിട്ടുള്ള ഈ ക്ഷേത്രത്തിന് ഒരു .. പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്നു.
ശ്രീ മലഹാനികരേശ്വര ക്ഷേത്രം:
ഒരു ചെറിയ കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഭഗവാൻ ശിവനാണ് സമർപ്പിച്ചിരിക്കുന്നത്.
തൊരണ ഗണപതി ക്ഷേത്രം:
വിദ്യാശങ്കര ക്ഷേത്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിദ്യാരംഭത്തിനായി കുട്ടികളെ എത്തിക്കുന്ന പ്രധാന സ്ഥലമാണ്
ആദിശങ്കര ക്ഷേത്രം:
ആദിശങ്കരാചാര്യരുടെ സ്മരണയ്ക്കായി നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ അദ്ദേഹത്തിൻ്റെ പ്രതിഷ്ഠയുമുണ്ട്.
ശൃംഗേരിയുടെ ഹൃദയഭാഗത്താണ് വിദ്യയുടെ ദേവതയായ ശാരദാദേവിയുടെ ക്ഷേത്രം. അതിന് സമീപം വിജയനഗര സാമ്രാജ്യത്തിന്റെ വാസ്തുകലാ മികവ് വിളിച്ചോതുന്ന വിദ്യാശങ്കര ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാശിചക്രവുമായി ബന്ധപ്പെട്ട പന്ത്രണ്ട് ശിലാസ്തംഭങ്ങളും ശില്പകലയും ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. സൂര്യകിരണങ്ങൾ വർഷത്തിലെ വിവിധ കാലഘട്ടങ്ങളിൽ ഓരോ സ്തംഭങ്ങളിലും പതിക്കുന്ന തരത്തിലുള്ള നിർമ്മാണം മധ്യകാല ഇന്ത്യൻ വാസ്തുശാസ്ത്രത്തിന്റെ അത്ഭുതമായി കണക്കാക്കപ്പെടുന്നു.

മഠപരിസരത്ത് വിശാലമായ പ്രാർത്ഥനാമണ്ഡപങ്ങൾ, വേദപാഠശാലകൾ, ഗ്രന്ഥശാലകൾ, യതിമാരുടെ വാസസ്ഥലങ്ങൾ, തീർത്ഥാടകർക്കുള്ള താമസസൗകര്യങ്ങൾ, സൗജന്യ അന്നദാനശാല, ശുചിത്വമുള്ള വിശ്രമകേന്ദ്രങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ദിവസേന ആയിരക്കണക്കിന് ഭക്തർക്കും സന്ദർശകർക്കും പ്രസാദഭക്ഷണം നൽകുന്ന അന്നദാനം ശൃംഗേരിയുടെ പ്രധാന സേവനങ്ങളിൽ ഒന്നാണ്.പ്രതിദിന പൂജകൾ, വേദപാരായണം, ചണ്ഡിപാരായണം, ശാരദാദേവിയുടെ അലങ്കാരദർശനം, ദീപാരാധന, ഗുരുപൂജ എന്നിവ ഇവിടെ നിത്യേന നടക്കുന്നു. ദർശനത്തിന് എത്തുന്നവർക്ക് ആചാരങ്ങൾ നിരീക്ഷിക്കാനും ക്ഷേത്രശില്പങ്ങൾ ആസ്വദിക്കാനും മഠത്തിന്റെ സാംസ്കാരിക പാരമ്പര്യം മനസ്സിലാക്കാനും അവസരമുണ്ട്.
ശാരദാ നവരാത്രി ശൃംഗേരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ഒൻപത് ദിവസങ്ങളിലായി ക്ഷേത്രം പുഷ്പാലങ്കാരങ്ങളാലും ദീപപ്രകാശത്താലും സംഗീതപരിപാടികളാലും ധർമ്മപ്രഭാഷണങ്ങളാലും നിറയും. കൂടാതെ ഗുരുപൂർണിമ, ശങ്കരജയന്തി, വിജയദശമി തുടങ്ങിയ ദിനങ്ങളിലും വലിയ ആഘോഷങ്ങൾ നടക്കുന്നു.
മലയാളികൾക്കും ശൃംഗേരിക്കും നൂറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. കേരളത്തിലെ നമ്പൂതിരി കുടുംബങ്ങൾ, വേദപണ്ഡിതർ, വിദ്യാർത്ഥികൾ, സന്ന്യാസികൾ എന്നിവരിൽ പലരും ശൃംഗേരിയുമായി ചരിത്രപരമായി ബന്ധപ്പെട്ടിരുന്നു. കേരളത്തിലെ അനേകം ക്ഷേത്രങ്ങളുമായും മഠങ്ങളുമായും ശൃംഗേരി പീഠത്തിന് ആത്മീയവും ആചാരപരവുമായ ബന്ധമുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നടക്കം ആയിരക്കണക്കിന് മലയാളികൾ എല്ലാ വർഷവും ഇവിടെ സന്ദർശനം നടത്തുന്നു.
തുംഗാനദിയിലെ തെളിഞ്ഞ ജലത്തിൽ നീന്തിത്തിമിർക്കുന്ന മത്സ്യങ്ങൾ, നദിക്കരയിലെ ശാന്തമായ അന്തരീക്ഷം, ക്ഷേത്രമണികളുടെ നാദം, ധൂപസൗരഭ്യം, പ്രാചീന ശില്പങ്ങളുടെ നിശ്ശബ്ദ സാക്ഷ്യം—ഇവയെല്ലാം ചേർന്ന് ശൃംഗേരിയെ ഒരു ആരാധനാകേന്ദ്രം മാത്രമല്ല, ചരിത്രവും വിജ്ഞാനവും സംസ്കാരവും പ്രകൃതിയും ഒത്തുചേരുന്ന അപൂർവ അനുഭവമാക്കി മാറ്റുന്നു. അതിലുപരി ഓരോ കേന്ദ്രത്തിലും ഒറ്റയ്ക്കും കൂട്ടായും ഫോട്ടോ എടുക്കുന്നതിലായിരുന്നു യാത്രികർക്ക് കൂടുതൽ താല്പര്യം.
ആത്മീയ വിശ്വാസമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ശൃംഗേരി ഒരു പഠനയാത്രയാണ്. ഇവിടെ എത്തുന്നവർ ഭാരതീയ ദാർശനിക പാരമ്പര്യത്തിന്റെ ആഴവും, ശില്പവൈഭവത്തിന്റെ മഹിമയും, പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെ സൗന്ദര്യവും അടുത്തറിഞ്ഞ് മടങ്ങുന്നു.

ശൃംഗേരി ശാരദാ പീഠം സ്ഥാപിതമായതുമുതൽ അനവധി ജഗദ്ഗുരുമാർ ഈ പീഠത്തെ നയിച്ചിട്ടുണ്ട്. ഇവരിൽ ചിലർ ഭാരതത്തിന്റെ ദാർശനിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവരാണ്.ആദ്യ ജഗദ്ഗുരുവായി കണക്കാക്കപ്പെടുന്ന സുരേശ്വരാചാര്യർ, വേദപഠനത്തിനും നവോത്ഥാനത്തിനും വലിയ പ്രോത്സാഹനം നൽകിയ അഭിനവ വിദ്യാതീർത്ഥ മഹാസ്വാമികൾ –1989 മുതൽ ശാരദാ പീഠത്തെ നയിച്ച മഹാസന്നിധാനം ഭാരതി തീർത്ഥ മഹാസ്വാമികൾ സീനിയർ ജഗദ്ഗുരുവായി ആദരിക്കപ്പെടുന്നു.
വിദുശേഖര ഭാരതി മഹാസ്വാമികൾ ആണ് നിലവിലെ പ്രവർത്തന ജഗദ്ഗുരു (സന്നിധാനം) ആയി ശൃംഗേരി മഠത്തിന്റെ ദൈനംദിന ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ഭക്തർക്ക് ദർശനവും അനുഗ്രഹവും നൽകുന്നതും.
അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചെങ്കിലും ദർശന സമയം സന്ധ്യയ്ക്ക് 6.30 ആയതു കൊണ്ട് കാത്തിരിക്കാതെ മടങ്ങി. തൊട്ടപ്പുറം തുംഗാ നദിക്ക് കുറുകെയുള്ള തൂക്കു പാലം വഴിയാണ് ബസ് പാർക്കിംഗ് ഏരിയയിലേക്ക് എത്തിയത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പാദരക്ഷ സൂക്ഷിച്ചതു കൊണ്ട് റഫ് റോഡിലൂടെ നഗ്നപാദരായാണ് ഇരുപത് മിനുട്ടോളം നടന്ന് തൂക്കു പാലത്തിലേക്ക് എത്തിയത് .അതൊരു സാഹസം തന്നെയായിരുന്നു.
.
തുടരും..
നാളെ സാവിര കമ്പഡി ബസദി(ആയിരം തൂണുള്ള ക്ഷേത്രം)








