കണ്ണൂര്‍: അറസ്റ്റു ചെയ്തു കൊണ്ടു വരുന്നതിനിടയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. മഹാരാഷ്ട്ര, പൂനെ സ്വദേശി സഞ്ജുരാജ് മല്‍ഹോത്രയാണ് പിടിയിലായത്. മഹാബലേശ്വരത്തെ ഒളിയിടത്തില്‍ വച്ചാണ് ഇയാൾ കണ്ണൂര്‍ പൊലീസിന്റെ പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ണൂരിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് സഞ്ജുരാജ്. പ്രസ്തുത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ജൂണ്‍ 28ന് ആണ് കണ്ണൂര്‍ പൊലീസ് മഹാരാഷ്ട്രയിലെത്തി അറസ്റ്റു ചെയ്തത്. തുടര്‍ന്ന്- പൂനെ എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ കണ്ണൂരിലേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ 29ന് പുലര്‍ച്ചെ രത്‌നഗിരി റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടത്. ശുചിമുറിയില്‍ പോകാനെന്ന വ്യാജേനയാണ് ഇയാള്‍ സീറ്റില്‍ നിന്നു എഴുന്നേറ്റത്. ട്രെയിന്‍ രത്‌നഗിരി സ്‌റ്റേഷനില്‍ എത്തിയ ഉടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രത്‌നഗിരിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ r പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടതിനും പൊലീസ് കേസെടുത്തിരുന്നു.








