മംഗ്‌ളൂരു: കനത്ത മഴയെത്തുടര്‍ന്ന് മതിലിടിഞ്ഞ് വീടുകള്‍ക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ബീഹാര്‍ സ്വദേശിയായ ലാല്‍ബാബുവിന്റെ മക്കളായ ചൗരസ്യ(8), പ്യാരി (4) അയല്‍വാസിയും ബീഹാര്‍ സ്വദേശിയുമായ ബാലകൃഷ്ണയുടെ ഭാര്യ ശാന്ത (40) എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധന്‍) പുലര്‍ച്ചെ അഞ്ചു മണിയോടെ കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗരോഡിയിലാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് ബീഹാര്‍ സ്വദേശികളായ രണ്ടു കുടുംബങ്ങള്‍ താമസിക്കുന്ന രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് വീണ് നാലു വീടുകളുടെ പിന്‍ഭാഗത്തെ ചുമരുകള്‍ തകര്‍ന്നു .

ബീഹാര്‍ സ്വദേശിയായ ലാല്‍ബാബുവിന്റെ കുടുംബം എട്ടുവര്‍ഷമായി ഗരോഡിയിലെ വാടകവീട്ടിലാണ് താമസം. മതിലിടിഞ്ഞു ലാല്‍ബാബുവും ഭാര്യ ഇന്ദുവും മക്കളായ അല്‍ക(14), അനാമിക ചൗരസ്യ (8), പ്യാരി(4) എന്നിവര്‍ കിടന്നുറങ്ങിയിരുന്ന വീടിനു മകളിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തുവെങ്കിലും രണ്ടു കുട്ടികളെ രക്ഷിക്കാനായില്ല. സമീപത്തെ വീട്ടില്‍ താമസിക്കുന്ന ബാലകൃഷ്ണയുടെ ഭാര്യ ശാന്ത (46)യാണ് മരിച്ച മൂന്നാമത്തെ ആള്‍. ബാലകൃഷ്ണയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കങ്കനാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.








