21 മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനയും പോരാട്ടവും വിഫലമായി; 220 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരന്‍ മരിച്ചു

ഹരിയാന: പ്രാര്‍ഥനകള്‍ വിഫലമായി. അംബാല ജില്ലയില്‍ 220 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരനെ പുലര്‍ച്ചെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി മരണപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ധനേവാര ഗ്രാമത്തിലെ ധനിയോറ സ്വദേശി നിര്‍വൈര്‍ സിങ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് നിര്‍വൈര്‍ കുഴല്‍ക്കിണറില്‍ വീണത്. മുത്തശ്ശന്‍ കര്‍ണൈല്‍ സിംഗിന് പ്രാതല്‍ നല്‍കാനായി പിതാവ് മന്‍ജിത്തിനൊപ്പം വയലിലേക്ക് പോയതായിരുന്നു നിര്‍വൈര്‍. വയലില്‍ കളിച്ചുകൊണ്ടിരിക്കെ ഒന്‍പത് ഇഞ്ച് മാത്രം വീതിയുള്ള കുഴല്‍ക്കിണര്‍ കണ്ടു. കിണറില്‍ മണ്ണ് ഇട്ടുകൊണ്ടിരിക്കെ വഴുതി വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് പിതാവും വയലില്‍ ജോലിചെയ്യുന്നവരും പരക്കെ അന്വേഷണം നടത്തി. കുഴല്‍ കിണറിന് സമീപത്ത് മണ്ണിടഞ്ഞത് ശ്രദ്ധയില്‍പെട്ടതോടെ കുട്ടി അതില്‍ വീണെന്ന് ഉറപ്പാക്കി. ആദ്യം നാട്ടുകാര്‍ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. പിന്നീട് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്, സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് , ജില്ലാ ഭരണകൂടം എന്നിവയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും തുടര്‍ന്ന് സൈന്യവും സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 21 മണിക്കൂറിലധികം നീണ്ട നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.40 ഓടെ നിര്‍വൈറിനെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് വയസ്സുകാരന്‍ അതിനോടകം തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സമാനമായ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉപേക്ഷിക്കപ്പെട്ടതോ ഉപയോഗിക്കാത്തതോ ആയ കുഴല്‍ക്കിണറുകള്‍ ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ തോമര്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page